സ്വര്‍ണം വില്‍ക്കുമ്പോഴുള്ള വലിയ നഷ്ടങ്ങള്‍: ഉപഭോക്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍

ഒരു ലക്ഷത്തിന്റെ ആഭരണമാണെങ്കില്‍ നഷ്ടം വരുന്നത് 18,000 രൂപയോളമായിരിക്കും.

സ്വര്‍ണം വില്‍ക്കുമ്പോഴുള്ള വലിയ നഷ്ടങ്ങള്‍: ഉപഭോക്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍
1 ലക്ഷത്തിന് 18,000 രൂപ വരെ നഷ്ടം..

കൊച്ചി: നമ്മുടെ സംസ്‌കാരത്തിലും ആഘോഷങ്ങളിലും സ്വര്‍ണാഭരണങ്ങള്‍ക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. വിവാഹങ്ങള്‍ക്കോ, പേരിടലിനോ, മറ്റ് വിശേഷ ദിവസങ്ങള്‍ക്കോ സമ്മാനങ്ങള്‍ നല്‍കാനോ അതല്ലെങ്കില്‍ ഒരു മികച്ച നിക്ഷേപമായോ ഒക്കെ നമ്മള്‍ മലയാളികള്‍ സ്വര്‍ണം തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ നമ്മള്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ചിന്തിക്കാറുണ്ടോ? അതെ, സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ വിചാരിക്കുന്നതിലും വലിയൊരു തുക നഷ്ടമായി പോകാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന തിളക്കം പലപ്പോഴും വില്‍ക്കാന്‍ ചെല്ലുമ്പോള്‍ കിട്ടാറില്ല എന്നതാണ് സത്യം.

സ്വര്‍ണാഭരണങ്ങളെ ഒരു എമര്‍ജന്‍സി ഫണ്ടായി കാണുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ കൗഷിക് എക്‌സിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു കുടുംബം മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി അവരുടെ കൈയ്യിലുള്ള 45 ലക്ഷം രൂപ വരുന്ന സ്വര്‍ണം വില്‍ക്കാന്‍ തീരുമാനിക്കുന്ന ഒരു സാഹചര്യമാണ് അദ്ദേഹം ഉദാഹരണമായി പറയുന്നത്.

രേഖകളില്‍ 45 ലക്ഷം രൂപയുടെ മൂല്യം തോന്നിക്കുമെങ്കിലും, ഈ ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ കൈയ്യില്‍ കിട്ടുന്ന പണം വളരെ കുറവായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. റീട്ടെയില്‍ ജ്വല്ലറി വിപണിയുടെ ഘടന തന്നെയാണ് ഇതിന് പ്രധാന കാരണം. നമ്മള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്ന വലിയൊരു തുക പണിക്കൂലിയും, ഡിസൈന്‍ ചാര്‍ജുമാണ്. നമ്മള്‍ ഒരു സ്വര്‍ണം വാങ്ങുമ്പോള്‍ 5% മുതല്‍ 25% വരെ (ചിലപ്പോള്‍ അതില്‍ കൂടുതലും) പണിക്കൂലിയായി നല്‍കാറുണ്ടെങ്കിലും, തിരിച്ച് വില്‍ക്കുമ്പോള്‍ ഈ തുക ഒട്ടും തന്നെ നമുക്ക് ലഭിക്കാറില്ല. അതുപോലെ, കല്ലുകളുടെയും മുത്തുകളുടെയും ഭാരം വാങ്ങുമ്പോള്‍ നോക്കാറുണ്ടെങ്കിലും അവ വില്‍ക്കുമ്പോള്‍ ആകെ ഭാരത്തില്‍ നിന്ന് ഈ കല്ലുകളുടെ ഭാരം കുറയ്ക്കും. അതും നമുക്ക് നഷ്ടമാണ്.

പഴയ ആഭരണങ്ങള്‍ തിരികെ വില്‍ക്കുമ്പോള്‍ അവ ഉരച്ച് പരിശോധിക്കുമ്പോഴുള്ള നഷ്ടവും വലിയ തോതില്‍ മൂല്യം കുറയ്ക്കുന്നു. ആഭരണങ്ങള്‍ ഉരുക്കി അതിലെ കൃത്യമായ സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തുമ്പോള്‍ ഈ വേസ്റ്റേജ് കുറയ്ക്കാറുണ്ട്. കൂടാതെ മാറ്റു കുറയുന്നതിന് അനുസരിച്ചുള്ള കുറവുകളും ജ്വല്ലറികള്‍ വരുത്തും.
അതായത്, പണിക്കൂലി, വേസ്റ്റേജ്, മാറ്റ് കുറവ് എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ സ്വര്‍ണം വില്‍ക്കുന്നയാള്‍ക്ക് ആകെ മൂല്യത്തിന്റെ ഏകദേശം 18 ശതമാനത്തോളം രൂപ നഷ്ടപ്പെടാന്‍ സാധ്യയുണ്ട്. 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ 8 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.