കയ്യിൽ ആകെയുള്ളത് 200 രൂപ; മകളുടെ പിറന്നാളിന് മിഠായി വാങ്ങാനിറങ്ങിയ അച്ഛനെ തടഞ്ഞ് പൊലീസ്; ഒടുവിൽ കണ്ടത് കണ്ണുനിറയ്ക്കുന്ന കാഴ്ച!
കുഞ്ഞിന് പിറന്നാൾ കേക്കും പുതിയ ഉടുപ്പും വാങ്ങിനൽകി മാതൃകയായിരിക്കുകയാണ് കോട്ടയത്തെ ഇൻ്റർസെപ്റ്റർ സംഘം.
കോട്ടയം: ഇരുനൂറു രൂപയുമായി മകളുടെ പിറന്നാളിന് മിഠായി വാങ്ങാനിറങ്ങിയ പിതാവിന് ഹെൽമെറ്റില്ലാത്തതിന്റെ പേരിൽ പിഴ. എന്നാൽ കൈയിൽ പണമില്ലാതെ ആ അച്ഛൻ വിഷമിക്കുന്നത് കണ്ടതോടെ പിഴത്തുക സ്വന്തം കയ്യിൽനിന്ന് അടച്ച് പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും. ഒപ്പം കുഞ്ഞിന് പിറന്നാൾ കേക്കും പുതിയ ഉടുപ്പും വാങ്ങിനൽകി മാതൃകയായിരിക്കുകയാണ് കോട്ടയത്തെ ഇൻ്റർസെപ്റ്റർ സംഘം.
കഴിഞ്ഞ 16-ാം തീയതി എരുമേലിക്കും കാഞ്ഞിരപ്പള്ളിക്കുമിടയിൽ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. റിയർ വ്യൂ മിറർ ഇല്ലാത്തതും പിൻസീറ്റിൽ യാത്ര ചെയ്തയാൾ ഹെൽമെറ്റ് ധരിക്കാത്തതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എരുമേലി സ്വദേശി സുജിത്തിന്റെ ഇരുചക്രവാഹനം ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് നിയമലംഘനത്തിന് 250 രൂപ പിഴയും ചുമത്തി.
എന്നാൽ വാഹനം തടഞ്ഞപ്പോൾ മുതൽ സുജിത്ത് കടുത്ത നിരാശയിലും വിഷമത്തിലുമായിരുന്നു. കാര്യം തിരക്കിയ ഉദ്യോഗസ്ഥരോട്, തനിക്ക് മൂന്നാഴ്ചയായി ജോലിയൊന്നുമില്ലെന്നും കൈവശമുള്ള ആകെയുള്ള 200 രൂപ നാലാം വയസ്സിലേക്ക് കടക്കുന്ന മകൾ വൈഗയ്ക്ക് മിഠായി വാങ്ങാനുള്ളതാണെന്നും അദ്ദേഹം കരച്ചിലോടെ പറഞ്ഞു.
തുടർന്ന് ജോലിയും പണവുമില്ലാതെ മാനസികമായി ബുദ്ധിമുട്ടുന്ന ആ അച്ഛന്റെ സങ്കടം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ, പിഴത്തുക സ്വന്തം കയ്യിൽനിന്ന് അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എസ്.ഐ സിജോ രവീന്ദ്രനും സംഘവുമാണ് ഈ സ്നേഹപ്രവർത്തിക്ക് നേതൃത്വം നൽകിയത്.
ഇതുകൊണ്ടും തീർന്നില്ല, എരുമേലി ടൗണിലെ ബേക്കറിയിലെത്തി മകൾ വൈഗയ്ക്കായി പേരെഴുതിയ പിറന്നാൾ കേക്കും മിഠായികളും ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ വാങ്ങി നൽകി. കൂടാതെ കുട്ടിക്ക് ഉടുപ്പും സമ്മാനമായി കരുതി. പിന്നീട് കുട്ടിയെ നേരിട്ട് കണ്ട് പിറന്നാൾ ആശംസകൾ അറിയിക്കാനായി ഇവർ സുജിത്തിന്റെ വീട്ടിലെത്തുകയും ചെയ്തു.
പൊലീസും എം.വി.ഡി ഉദ്യോഗസ്ഥരും വീട്ടിലേക്ക് യൂണിഫോമിൽ കയറിവന്നത് കണ്ട് ആദ്യം അമ്പരന്ന കുടുംബത്തെ ഉദ്യോഗസ്ഥർ സ്നേഹത്തോടെ സമാധാനിപ്പിച്ചു. തുടർന്ന് കുഞ്ഞിനൊപ്പം പിറന്നാൾ കേക്ക് മുറിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ദുരിതത്തിലായ ഒരു കുടുംബത്തിന് കൈത്താങ്ങായി മാറിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഈ മനുഷ്യത്വപരമായ പെരുമാറ്റത്തിന് സമൂഹമാധ്യമങ്ങളിലും വലിയ പ്രശംസയാണ് ലഭിക്കുന്നത്.
Comments ()