നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതിക്ക് കുരുക്കായി സഹയാത്രികന്റെ ശബ്ദസന്ദേശം; ജാമ്യഹർജിയിൽ വിധി ബുധനാഴ്ച
മൂന്ന് പേര് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികൻ ജോയലിന്റെ ശബ്ദസന്ദേശം.
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികനായ ജോയലിന്റെ നിർണായക ശബ്ദസന്ദേശം പുറത്ത്. അപകടത്തിന് ശേഷം ജോയൽ സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തിലാണ് സുഹൈൽ മദ്യപിച്ചിരുന്നതായും വാഹനം അമിത വേഗതയിലായിരുന്നുവെന്നതുമടക്കമുള്ള നിർണായക വിവരങ്ങളുള്ളത്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട ജില്ലാ കോടതി ബുധനാഴ്ച വിധി പറയും.
അപകടം നടന്ന ദിവസം രാവിലെ 9:25-നാണ് ഒരു മിനിറ്റും 43 സെക്കൻഡും ദൈർഘ്യമുള്ള ശബ്ദസന്ദേശം ജോയൽ സുഹൃത്തിന് അയച്ചത്. അപകടത്തിന് തലേന്ന് രാത്രി തങ്ങൾ ബാറിൽ കയറി മദ്യപിച്ചിരുന്നുവെന്നും സുഹൈൽ സജീവ് നേരത്തെ മദ്യപിച്ചതിന് പുറമെയാണ് വീണ്ടും മദ്യപിച്ചതെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. താൻ ബിയർ കുടിച്ചിരുന്നതായും തുടർന്ന് അമിതവേഗതയിൽ സഞ്ചരിച്ച കാർ സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്നും ജോയൽ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ തന്നോടും അമീനോടും ആവശ്യപ്പെട്ടത് നിനവാണെന്നും, അപകടത്തിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്നും ഓഡിയോയിൽ പറയുന്നുണ്ട്.
നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രൊസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകനുമാണ് ഈ ശബ്ദരേഖ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഒന്നാം പ്രതി സുഹൈൽ സജീവിന്റെ രക്ത-മൂത്ര പരിശോധനകളിൽ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ മറ്റ് ലഹരിവസ്തുക്കൾ ഏതെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ലാബ് പരിശോധനാ ഫലവും കാറിന്റെ 'ഈവന്റ് ഡാറ്റ റെക്കോർഡർ' പരിശോധനാ വിവരങ്ങളും പുറത്തുവരാനുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രൊസിക്യൂഷൻ ശക്തമായി വാദിച്ചു.
എന്നാൽ, പ്രതികൾ കഴിഞ്ഞ 14 ദിവസത്തിലധികമായി റിമാൻഡിലാണെന്നും പൊലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്നും പ്രതിഭാഗം വാദിച്ചു. 19 വയസ്സ് മാത്രം പ്രായമുള്ള പ്രതികളെ ഇനി ജയിലിൽ തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായതോടെ ജാമ്യാപേക്ഷയിൽ കോടതി മറ്റന്നാൾ (ബുധനാഴ്ച) വിധി പ്രസ്താവിക്കും.
Comments ()