ബിഗ് ടിക്കറ്റ് ജൂലൈ ഇ-ഡ്രോ: നാല് പ്രവാസികൾക്ക് 25,000 ദിർഹം വീതം സമ്മാനം

യു.എ.ഇയിൽ 16 വർഷമായി താമസിക്കുന്ന, കാർ ഗാരേജിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി ഷഫീക്കുൾ ഇസ്ലാമാണ് ആദ്യ വിജയി. കഴിഞ്ഞ രണ്ട് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന 33കാരനായ ഇസ്ലാം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുക്കുന്നത്

ബിഗ് ടിക്കറ്റ് ജൂലൈ ഇ-ഡ്രോ: നാല് പ്രവാസികൾക്ക് 25,000 ദിർഹം വീതം സമ്മാനം

ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ ആദ്യ ഇ-ഡ്രോയിൽ നാല് പേർ ഭാഗ്യശാലികളായി. അർമീനിയയിൽ നിന്നുള്ള ഒരാളും ബംഗ്ലാദേശിൽ നിന്നുള്ള മൂന്ന് പേരുമാണ് ഇത്തവണ സമ്മാനം സ്വന്തമാക്കിയത്. വിജയികൾക്ക് ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് ലഭിച്ചത്.

യു.എ.ഇയിൽ 16 വർഷമായി താമസിക്കുന്ന, കാർ ഗാരേജിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി ഷഫീക്കുൾ ഇസ്ലാമാണ് ആദ്യ വിജയി. കഴിഞ്ഞ രണ്ട് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന 33കാരനായ ഇസ്ലാം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുക്കുന്നത്. ലഭിച്ച സമ്മാനത്തുക സംഘാംഗങ്ങൾ തമ്മിൽ പങ്കിടുമെന്നും, തന്റെ വിഹിതം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാം വിജയിയും ബംഗ്ലാദേശ് സ്വദേശിയാണ്. യു.എ.ഇയിൽ സ്വന്തം ബിസിനസ് നടത്തുന്ന 46കാരനായ മുഹമ്മദ് അംദാദ് ആണ് സമ്മാനം നേടിയത്. അൽ ഐനിലെ സ്റ്റോറിൽ നിന്നാണ് അദ്ദേഹം പതിവായി ടിക്കറ്റ് വാങ്ങുന്നത്. ബിസിനസ് പങ്കാളികളായ രണ്ട് പേരോടൊപ്പമാണ് അദ്ദേഹം മത്സരത്തിൽ പങ്കെടുക്കുന്നത്. ലഭിക്കുന്ന സമ്മാനത്തുക ബിസിനസ് വളർച്ചയ്ക്കായി നിക്ഷേപിക്കാനാണ് അംദാദിന്റെ തീരുമാനം.

അർമീനിയൻ സ്വദേശി റാഫേൽ തോപാലിയാനാണ് മൂന്നാമത്തെ വിജയി. 59കാരനായ അദ്ദേഹം യു.എ.ഇയിൽ 26 വർഷമായി താമസിക്കുന്നു. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യമായി സമ്മാനം ലഭിച്ചത്. സാധാരണ ടിക്കറ്റ് നമ്പർ തിരഞ്ഞെടുക്കാൻ കൂടുതൽ സമയം ചെലവഴിക്കാറുണ്ടെങ്കിലും ഇത്തവണ വെബ്സൈറ്റിൽ ആദ്യം ശ്രദ്ധയിൽപ്പെട്ട ടിക്കറ്റ് തന്നെയാണ് എടുത്തതെന്ന് റാഫേൽ പറഞ്ഞു. ജീവിതത്തിലെ ആദ്യ സമ്മാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിക്കുന്ന തുകയിൽ ഒരു ഭാഗം മകളുടെ ഭാവിക്കായി മാറ്റിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാലാമത്തെ വിജയിയായി ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹരുണുർ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ 083279 ആണ്.