കൊച്ചിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം സ്വദേശി പ്രവീൺകുമാർ(28) തമിഴ്നാട് നീല​ഗിരി കോത്ത​ഗിരി സ്വദേശി റിബിൻ(21) എന്നിവരാണ് മരിച്ചത്.

കൊച്ചിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട്   യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീൺകുമാർ (28), തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ 457-ാം നമ്പർ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം നടന്നത്.

പൊറ്റക്കുഴിയിൽ നടന്ന ഒരു വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇരുവരും. പാർക്കിന് സമീപത്തെ വളവിൽ വെച്ച് അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രദേശവാസികൾ ചേർന്ന് യുവാക്കളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അപകടവിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.