പ്രവാസി കുട്ടികളുടെ ജനന രജിസ്ട്രേഷൻ: നടപടികൾ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ കെഎംസിസി സർക്കാരിന് നിവേദനം നൽകി

നിലവിലെ നിബന്ധനകൾ മൂലം എട്ട് മാസത്തോളം കാത്തിരുന്ന ശേഷമാണ് പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി.

പ്രവാസി കുട്ടികളുടെ ജനന രജിസ്ട്രേഷൻ: നടപടികൾ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ കെഎംസിസി സർക്കാരിന് നിവേദനം നൽകി

ന്യൂഡല്‍ഹി: വിദേശത്ത് ജനിക്കുന്ന പ്രവാസി കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് നാട്ടില്‍ നിന്നും ലഭ്യമാക്കുന്നതിലെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും ഇതിനായി ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബഹ്റൈന്‍ കെ.എം.സി.സി സര്‍ക്കാരിന് നിവേദനം നല്‍കി. ബഹ്റൈന്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.പി. ഫൈസല്‍ ആണ് മുഖ്യമന്ത്രി വിഡി സതീശനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും അയച്ച നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് അതത് രാജ്യങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ എംബസിയുടെ സാക്ഷ്യപത്രവും അടിസ്ഥാനമാക്കി ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭ്യമാകുന്നുണ്ട്. എന്നാല്‍, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മാസങ്ങളോളം നീളുന്ന നടപടിക്രമങ്ങളാണ്. നിലവിലെ നിബന്ധനകള്‍ മൂലം എട്ട് മാസത്തോളം കാത്തിരുന്ന ശേഷമാണ് പലര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി.