ലക്ഷ്യം 'ഏഴ് കൊടുമുടികൾ': ലെനിൻ ശിഖരത്തിൽ യു.എ.ഇ പതാക വാനോളമുയർത്തി 19-കാരി ഫാത്തിമ

ര്‍ഗിസ്ഥാനിലെ പാമിര്‍ മലനിരകളിലെ ലെനിന്‍ കൊടുമുടിയിലാണ് ഈ മാസം പതിനാറിന് ഫാത്തിമ യുഎഇ പതാക നാട്ടിയത്.

ലക്ഷ്യം 'ഏഴ് കൊടുമുടികൾ': ലെനിൻ ശിഖരത്തിൽ യു.എ.ഇ പതാക വാനോളമുയർത്തി 19-കാരി ഫാത്തിമ

യുഎഇ ചരിത്രത്തില്‍ സുവര്‍ണ്ണ അക്ഷരങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് 19 വയസ്സുകാരിയായ ഫാത്തിമ അബ്ദുള്‍റഹ്‌മാന്‍ അല്‍ അവധി. കിര്‍ഗിസ്ഥാനിലെ പാമിര്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന, 7,134 മീറ്റര്‍ ഉയരമുള്ള പ്രശസ്തമായ ലെനിന്‍ കൊടുമുടി കീഴടക്കുന്ന ആദ്യ യുഎഇ പൗരയായി ഫാത്തിമ മാറിയിരിക്കുന്നു.

ശക്തമായ ഹിമപാതത്തിനും കഠിനമായ പ്രതികൂല കാലാവസ്ഥയ്ക്കും പേരു കേട്ടതാണ് ഏഷ്യയിലെ പ്രമുഖ പര്‍വ്വതനിരകളില്‍ ഒന്നായ ലെനിന്‍. ഏകദേശം മൂന്നാഴ്ച നീണ്ടുനിന്ന കഠിനമായ ഈ ദൗത്യം രണ്ട് ഘട്ടങ്ങളായാണ് പൂര്‍ത്തിയായത്. ഈ മാസം 16-നാണ് ഫാത്തിമ ലെനിന്‍ കൊടുമുടിയില്‍ യുഎഇയുടെ ദേശീയപതാക പാറിച്ചത്. 7,000 മീറ്റര്‍ ഉയരം വരെ കൃത്രിമ ഓക്‌സിജന്‍ ഉപകരണങ്ങളുടെ സഹായമില്ലാതെയാണ് ഈ മിടുക്കി മുന്നേറിയത് എന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം 5,642 മീറ്റര്‍ ഉയരമുള്ള എല്‍ബ്രസ് പര്‍വ്വതവും ഫാത്തിമ വിജയകരമായി കീഴടക്കിയിരുന്നു.

ഇതോടെ ഫാത്തിമ തന്റെ കരിയറിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കി ചരിത്രം കുറിച്ചിരിക്കുകയാണ്. പര്‍വ്വതശിഖരത്തില്‍ യു.എ.ഇ ദേശീയപതാക വാനോളമുയര്‍ത്തിയ ഫാത്തിമ, ലെനിന്‍ പര്‍വ്വതനിരകളില്‍ രാജ്യത്തിന്റെ പതാക പാറിക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവും സ്വന്തമാക്കി.

കൃത്രിമ ഓക്‌സിജന്റെ സഹായമില്ലാതെ 7,000 മീറ്ററിലധികം ഉയരം കീഴടക്കി എന്നതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത. ലോകത്തിലെ 'ഏഴ് കൊടുമുടികള്‍' കീഴടക്കുക എന്ന ലക്ഷ്യത്തില്‍ നാലാമത്തേതാണ് ഫാത്തിമ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള യുവതലമുറയ്ക്ക് പ്രത്യാശയും സഹിഷ്ണുതയും നിരന്തരമായ പ്രയത്‌നവും വേണമെന്ന യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാന്റെ വാക്കുകളാണ് തനിക്ക് വലിയ പ്രചോദനമായതെന്ന് ഫാത്തിമ വ്യക്തമാക്കി. തന്റെ ഈ ചരിത്രനേട്ടം യു.എ.ഇ പ്രസിഡന്റിനായി സമര്‍പ്പിക്കുന്നതായും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.