അടുത്ത് മരണവീട്, ആഘോഷം വേണ്ടെന്ന് നാട്ടുകാർ; എന്നിട്ടും പടക്കവും ബാൻഡ് മേളവും ; വിവാഹവീട്ടിൽ കൂട്ടത്തല്ല്

നാദാപുരം വരിക്കോളിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വധുവിന്റെ വീട്ടിലേക്ക് വരനോടൊപ്പം എത്തിയ സുഹൃത്തുക്കൾ വിവാഹാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുകയും ബാൻഡ് മേളം നടത്തുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്

അടുത്ത് മരണവീട്, ആഘോഷം വേണ്ടെന്ന് നാട്ടുകാർ; എന്നിട്ടും  പടക്കവും ബാൻഡ് മേളവും ; വിവാഹവീട്ടിൽ കൂട്ടത്തല്ല്

കോഴിക്കോട്: വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം നാദാപുരത്ത് കൂട്ടത്തല്ലിൽ കലാശിച്ചു. വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തമ്മിലാണ് വാക്കേറ്റം രൂക്ഷമായി സംഘർഷത്തിലേക്ക് നീങ്ങിയത്. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

നാദാപുരം വരിക്കോളിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വധുവിന്റെ വീട്ടിലേക്ക് വരനോടൊപ്പം എത്തിയ സുഹൃത്തുക്കൾ വിവാഹാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുകയും ബാൻഡ് മേളം നടത്തുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

വധുവിന്റെ വീടിന് സമീപം അടുത്തിടെ മരണം സംഭവിച്ച ഒരു കുടുംബമുള്ളതിനാൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും നേരത്തെ തന്നെ വരന്റെ ബന്ധുക്കളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഈ നിർദേശം പരിഗണിക്കാതെ പടക്കം പൊട്ടിക്കലും ബാൻഡ് മേളവും തുടർന്നതോടെ നാട്ടുകാർ ഇടപെട്ടു.

ബാൻഡ് മേളം അവസാനിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വരന്റെ സുഹൃത്തുക്കൾ അംഗീകരിക്കാതിരുന്നതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് ഇത് കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. സംഘർഷവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും നിയന്ത്രിച്ചു.

തുടർന്ന് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ കൂടി എത്തിയ ശേഷമാണ് വരന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വധുവിന്റെ വീട്ടിലേക്ക് പ്രവേശിക്കാനായത്.

അതിനിടെ, നാദാപുരത്തിന് സമീപം ആയഞ്ചേരിയിലും കഴിഞ്ഞ ദിവസം വിവാഹവീട്ടിലെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. അന്നത്തെ സംഭവത്തിൽ വധുവിന്റെ അമ്മ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.