ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി; ദാരുണ സംഭവം മകളുടെ കൺമുന്നിൽ വെച്ച്
പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു (48), ഭാര്യ ക്രിസ്റ്റി (38) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൾ കൺമുന്നിൽ നിൽക്കെയായിരുന്നു ക്രിസ്റ്റിക്ക് നേരെ ആക്രമണമുണ്ടായത്
കൊല്ലം: കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കം പത്തനാപുരം പട്ടാഴിയിൽ ദാരുണ സംഭവത്തിൽ കലാശിച്ചു. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു (48), ഭാര്യ ക്രിസ്റ്റി (38) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൾ കൺമുന്നിൽ നിൽക്കെയായിരുന്നു ക്രിസ്റ്റിക്ക് നേരെ ആക്രമണമുണ്ടായത്.
ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബത്തിലെ പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായാണ് വിവരം. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച കുന്നിക്കോട് പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചിരുന്നു.
തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്ന ക്രിസ്റ്റി, വസ്ത്രങ്ങൾ എടുക്കുന്നതിനായി പന്തപ്ലാവിലെ വീട്ടിലെത്തിയപ്പോഴാണ് വീണ്ടും തർക്കമുണ്ടായത്. ഇതിനിടെ ബിനു വെട്ടുകത്തിയുപയോഗിച്ച് ക്രിസ്റ്റിയെ ആക്രമിക്കുകയായിരുന്നു. മകളുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം നടന്നത്.
സംഭവമറിഞ്ഞ് നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴേക്കും ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
Comments ()