'ക്രീം ഉപയോഗിച്ചാൽ സൗന്ദര്യം കൂടില്ല, ഓൺലൈൻ ഉൽപ്പന്നങ്ങൾ സൂക്ഷിക്കണം'; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
ഉൽപ്പന്നങ്ങളുടെ നിർമാണസ്ഥലവും ഘടകങ്ങളും പരിശോധിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: ഓൺലൈൻ വഴി വിൽക്കുന്ന സൗന്ദര്യവർധക ക്രീമുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അനധികൃതമായി വിപണിയിലെത്തുന്ന ക്രീമുകൾക്കെതിരെ പരാതികൾ ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും ഇത്തരം ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന നിയന്ത്രിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉൽപ്പന്നങ്ങളുടെ നിർമാണസ്ഥലവും ഘടകങ്ങളും പരിശോധിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പേരിൽ നടക്കുന്ന അനധികൃത വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനകൾ വീണ്ടും ഊർജിതമാക്കാനാണ് സർക്കാർ നീക്കം. നേരത്തെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം പത്തുലക്ഷം രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. പുതിയ പരാതികൾ ഉയർന്നതോടെ എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
ഓൺലൈനിൽ ലഭിച്ച ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറം സ്വദേശിനിയായ 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന റിപ്പോർട്ടാണ് വിഷയം വീണ്ടും ചർച്ചയാക്കിയത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ടാണ് പെൺകുട്ടി ക്രീം വാങ്ങിയത്. ഒരു വർഷത്തിനിടെ മൂന്ന് കുപ്പി ഉപയോഗിച്ചതായാണ് വിവരം.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിലും രക്തത്തിലും ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയെന്നും മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം സ്ഥിരീകരിച്ചെന്നുമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ലാബ് പരിശോധനയിലും ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ക്രീം നിർമാണകമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കുടുംബം ഒരുങ്ങുകയാണ്. അരീക്കോട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ബാലാവകാശ കമ്മിഷനും വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Comments ()