ശ്രീലേഖയുടെ രാജി നീക്കം; നഗരസഭാ ഭരണത്തിൽ പ്രതിസന്ധിയില്ലെന്ന് മേയർ

കൗൺസിലർ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്

ശ്രീലേഖയുടെ രാജി നീക്കം; നഗരസഭാ ഭരണത്തിൽ പ്രതിസന്ധിയില്ലെന്ന് മേയർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ രാജിവെക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്, എസ്. സുരേഷ് എന്നിവർ ശ്രീലേഖയുമായി ചർച്ച നടത്തിയതായാണ് വിവരം. കൗൺസിലർ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്.

അതേസമയം, ശാസ്തമംഗലം വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവെച്ച രാജിപ്രഖ്യാപനം ഇതുവരെ പിൻവലിച്ചിട്ടില്ല. മേയർക്ക് രാജിക്കത്ത് കൈമാറിയെങ്കിലും നഗരസഭ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജി നൽകിയിട്ടില്ലെന്നാണ് വിവരം. വാർഡിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പാർട്ടി തലത്തിൽ പുതിയ ക്രമീകരണങ്ങൾ ഒരുക്കാനും സാധ്യതയുണ്ട്. ശ്രീലേഖയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

രാജിക്കാര്യത്തിൽ നഗരസഭാ ഭരണത്തിൽ പ്രതിസന്ധിയില്ലെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു. കൗൺസിലർമാർ വിവിധ ആവശ്യങ്ങളുമായി കത്തുകൾ നൽകുന്നത് പതിവാണെന്നും ശ്രീലേഖ കൗൺസിലറായി തുടരുമെന്നുമാണ് മേയറുടെ നിലപാട്. അതേസമയം, രാജിപ്രഖ്യാപനത്തിന് പിന്നാലെ ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. സെപ്റ്റംബർ 30ന് മേയർക്ക് രാജിക്കത്ത് നൽകിയെന്നും തിങ്കളാഴ്ച അതിന്റെ പകർപ്പ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ അവർ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

രാജിക്കത്ത് ലഭിച്ചിട്ടും വിഷയം പരസ്യമാക്കാതിരുന്നതാണ് ശ്രീലേഖയെ നേരിട്ട് രാജിപ്രഖ്യാപനം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 2024ലാണ് സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖ ബിജെപിയിൽ ചേർന്നത്. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് പാർട്ടി അവരെ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ബിജെപി തലസ്ഥാന നഗരസഭയിൽ ഭരണം പിടിച്ചപ്പോഴും മേയർ സ്ഥാനത്തേക്ക് ശ്രീലേഖയെ പരിഗണിച്ചില്ല. ഇതിന് പിന്നാലെ പാർട്ടിയുമായി നിലനിന്നിരുന്ന അസംതൃപ്തിയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ രാജിനീക്കം വിലയിരുത്തപ്പെടുന്നത്. ദേശീയ വനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതും അതൃപ്തിക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ട്.