ബിജെപിക്ക് കേരളത്തിൽ 20 ശതമാനത്തിനപ്പുറം വളരാനാകില്ല: വി.ഡി. സതീശൻ

ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ് ബിജെപിയുടെ ദേശീയ നേതൃത്വമെന്നും നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സതീശൻ വ്യക്തമാക്കി

ബിജെപിക്ക് കേരളത്തിൽ 20 ശതമാനത്തിനപ്പുറം വളരാനാകില്ല: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് അധികാരം പിടിക്കുകയെന്ന ലക്ഷ്യം യാഥാർഥ്യമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ മതേതര രാഷ്ട്രീയ സംസ്കാരവും ജനങ്ങളുടെ നിലപാടുകളുമാണ് ബിജെപിയുടെ വളർച്ചയ്ക്ക് തടസ്സമാകുന്നതെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ് ബിജെപിയുടെ ദേശീയ നേതൃത്വമെന്നും നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സതീശൻ വ്യക്തമാക്കി.

തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണനേട്ടവും മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ വിജയവും കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം ബിജെപിക്ക് അനുകൂലമായി മാറിയതിന്റെ സൂചനയല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. സിപിഎമ്മിന്റെ രാഷ്ട്രീയ പിഴവുകളും ഇരു പാർട്ടികൾക്കുമിടയിലെ രഹസ്യ ധാരണകളുമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളും ബിജെപിക്ക് അനുകൂലമായെന്നും നേമം ഒഴികെയുള്ള രണ്ട് മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ ജയിച്ച സിപിഎം ഇത്തവണ പരാജയപ്പെട്ടെന്നും സതീശൻ കുറ്റപ്പെടുത്തി.

കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം 15 മുതൽ 20 ശതമാനം വരെയായി പരിമിതപ്പെടുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ. വർഗീയ ധ്രുവീകരണത്തിലൂടെ കൂടുതൽ പിന്തുണ നേടാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കാൻ ബിജെപി കഴിഞ്ഞ പത്ത് വർഷമായി നടത്തുന്ന ശ്രമങ്ങൾ ഫലം കണ്ടിട്ടില്ലെന്നും ഈ വിഭാഗങ്ങളുമായി കോൺഗ്രസിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഹിന്ദു സമൂഹത്തിലെ വലിയൊരു വിഭാഗവും മതേതര നിലപാടാണ് സ്വീകരിക്കുന്നതെന്നും വർഗീയ രാഷ്ട്രീയത്തിന് വഴങ്ങുന്നില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയതിനെ അഭിനന്ദിച്ച സതീശൻ, ബിജെപിയുടെ രാഷ്ട്രീയ സമീപനത്തെ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമായ ഫാസിസ്റ്റ് രീതിയിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കാൻ വിദ്വേഷ രാഷ്ട്രീയം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് വിജയങ്ങൾക്കപ്പുറം ബിജെപി ഉയർത്തുന്ന വെല്ലുവിളി പ്രത്യയശാസ്ത്രപരമാണെന്നും മതേതരത്വത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ പിന്തുണയ്ക്കുന്നിടത്തോളം കേരളത്തിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമുണ്ടാക്കാൻ സംഘപരിവാറിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില രാഷ്ട്രീയ, മത നേതാക്കൾ വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സതീശൻ പറഞ്ഞു.