മുംബൈ മേയറുടെ ഓഫീസിനും അമിതാഭ് ബച്ചന്റെ വസതിക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

വെള്ളിയാഴ്ച രാവിലെ മേയറുടെ ഓഫീസിലേക്ക് ലഭിച്ച ഇ-മെയിൽ സന്ദേശത്തിലാണ് ആക്രമണ മുന്നറിയിപ്പുള്ളത്. ഖലിസ്ഥാൻ നാഷണൽ ആർമിയുടെ പേരിലാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്

മുംബൈ മേയറുടെ ഓഫീസിനും അമിതാഭ് ബച്ചന്റെ വസതിക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

മുംബൈ: മേയർ ഋതു താവ്ഡെയുടെ ഓഫീസിനും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കും നഗരത്തിലെ പ്രമുഖ സ്കൂളുകൾക്കും നേരെ ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണി. വെള്ളിയാഴ്ച രാവിലെ മേയറുടെ ഓഫീസിലേക്ക് ലഭിച്ച ഇ-മെയിൽ സന്ദേശത്തിലാണ് ആക്രമണ മുന്നറിയിപ്പുള്ളത്. ഖലിസ്ഥാൻ നാഷണൽ ആർമിയുടെ പേരിലാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്തുമെന്നും സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. ഭീഷണി ലഭിച്ചതിനു പിന്നാലെ പൊലീസ് വിവിധ ഇടങ്ങളിൽ പരിശോധന ശക്തമാക്കി. ബോംബ് നിർവീര്യമാക്കൽ സംഘവും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ ഭീഷണിയിൽ സൂചിപ്പിച്ച സ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

സംഭവത്തെ തുടർന്ന് മേയറുടെ ഓഫീസിലും അമിതാഭ് ബച്ചന്റെ വസതിയിലും പ്രധാന സ്കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അയച്ചവരെ തിരിച്ചറിയാനുമായി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ വിശ്വാസ്യതയും ഇതിനു പിന്നിലുള്ളവരെയും കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.