നടുറോഡിൽ സിനിമയെ വെല്ലുന്ന അക്രമം; ഫോട്ടോഗ്രാഫറെ നടുറോഡിലിട്ട് മർദിച്ച് കവർച്ച; മൂന്ന് പേർ പിടിയിൽ, രണ്ട് പേർക്കായി തെരച്ചിൽ
ഒക്ടോബർ 15-ന് ബെംഗളൂരുവിലെ ജ്ഞാനഭാരതിയിലുള്ള അമ്മ ആശ്രമം റോഡിൽ അരങ്ങേറിയ സിനിമയെ വെല്ലുന്ന ദൃശ്യങ്ങളിലാണ് പൊലീസിന്റെ നടപടി.
ബെംഗളൂരു: ബെംഗളൂരുവിൽ ഫോട്ടോഗ്രാഫറെ നടുറോഡിൽ ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ ഗഗൻ, മനോജ്, തേജസ് എന്നിവരാണ് ജ്ഞാനഭാരതി പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 15-ന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടി.
ബെംഗളൂരു സ്വദേശിയായ മല്ലികാർജുൻ എന്ന ഫോട്ടോഗ്രാഫർക്കാണ് അഞ്ചംഗ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജോലി ആവശ്യങ്ങൾക്കായി കണ്ണൂരിൽ പോയി തിരിച്ചെത്തിയ മല്ലികാർജുൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ, ജ്ഞാനഭാരതിയിലെ അമ്മ ആശ്രമം റോഡിൽ വെച്ച് അക്രമിസംഘം വഴി തടയുകയായിരുന്നു.
ഓട്ടോയിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച മല്ലികാർജുനയെ പ്രതികൾ റോഡിലൂടെ ഓടിച്ചിട്ടു പിടിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന് സംഘം കടന്നുകളഞ്ഞു. സിനിമയെ വെല്ലുന്ന രീതിയിലുള്ള ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
മല്ലികാർജുൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച ജ്ഞാനഭാരതി പൊലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും മൂന്ന് പേരെ പിടികൂടിയതും. പിടിയിലായവരെ നിലവിൽ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കവർച്ചാ സംഘത്തിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Comments ()