വെള്ളത്തിനായി കാത്തിരുന്ന ബാല്യം; ഒടുവിൽ ജലസംരക്ഷണത്തിൽ ഗവേഷണം, എംജി രാജമാണിക്യം ഐഎഎസിന് ഡോക്ടറേറ്റ്

എറണാകുളം ജില്ലാ കളക്ടറായിരിക്കെ നടപ്പാക്കിയ 'എന്റെ കുളം എറണാകുളം' പദ്ധതിയും ഗവേഷണ ജീവിതത്തിലെ നിർണായക ഘട്ടമായി. ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങൾ ശുചീകരിക്കുന്നതിലൂടെ ആരംഭിച്ച പ്രവർത്തനങ്ങൾ പിന്നീട് ജലവിഭവ മാനേജ്മെന്റിനെയും ജലനയത്തെയും കേന്ദ്രീകരിച്ചുള്ള പഠനത്തിലേക്ക് വളർന്നു

വെള്ളത്തിനായി കാത്തിരുന്ന ബാല്യം; ഒടുവിൽ ജലസംരക്ഷണത്തിൽ ഗവേഷണം, എംജി രാജമാണിക്യം ഐഎഎസിന് ഡോക്ടറേറ്റ്

കൊച്ചി: ജലസംരക്ഷണ മേഖലയിലെ ഗവേഷണത്തിന് കുസാറ്റിൽ നിന്ന് ഡോക്ടറേറ്റ് നേടി കെഎസ്ഇബി ചെയർമാനും പരിസ്ഥിതി സെക്രട്ടറിയുമായ എംജി രാജമാണിക്യം ഐഎഎസ്. സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഗവേഷണ പ്രബന്ധം അംഗീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് കൈമാറി.

ജലദൗർലഭ്യം നേരിട്ടു വളർന്ന ബാല്യകാല അനുഭവങ്ങളാണ് രാജമാണിക്യത്തെ ജലവിഭവ മേഖലയിലെ പഠനത്തിലേക്ക് എത്തിച്ചത്. ജലസമൃദ്ധമായ കേരളത്തിലെത്തിയതോടെയാണ് ജലസംരക്ഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ഗൗരവമായ ഗവേഷണം നടത്തണമെന്ന ആശയം രൂപപ്പെട്ടത്.

എറണാകുളം ജില്ലാ കളക്ടറായിരിക്കെ നടപ്പാക്കിയ 'എന്റെ കുളം എറണാകുളം' പദ്ധതിയും ഗവേഷണ ജീവിതത്തിലെ നിർണായക ഘട്ടമായി. ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങൾ ശുചീകരിക്കുന്നതിലൂടെ ആരംഭിച്ച പ്രവർത്തനങ്ങൾ പിന്നീട് ജലവിഭവ മാനേജ്മെന്റിനെയും ജലനയത്തെയും കേന്ദ്രീകരിച്ചുള്ള പഠനത്തിലേക്ക് വളർന്നു.

ആദ്യഘട്ടത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരമായിരുന്നു ഗവേഷണത്തിന്റെ പ്രധാന വിഷയം. പിന്നീട് പഠനം ജലനയം, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. പ്രളയാനന്തര കാലത്ത് ഗവേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നുവെന്ന് രാജമാണിക്യം പറഞ്ഞു.

കുസാറ്റിലെ മറൈൻ സയൻസ് ആൻഡ് കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗം മുൻ മേധാവി ഡോ. ചന്ദ്രമോഹനകുമാറാണ് ഗവേഷണത്തിന് മാർഗനിർദേശം നൽകിയത്. അസിസ്റ്റന്റ് പ്രൊഫസർ സി.എസ്. രതീഷ് കുമാർ കോഗൈഡായി.

ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയതിന് പിന്നാലെ ചടങ്ങിലെ തലപ്പാവ് അമ്മയ്ക്കും സർട്ടിഫിക്കറ്റ് ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ നിശാന്തിനിക്കും കൈമാറി. ഏറെക്കാലത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷവും രാജമാണിക്യം പങ്കുവച്ചു.