ഐഫോൺ തിരിച്ചടവ് മുടങ്ങി, കടുത്ത മാനസികസമ്മർദ്ദം: ഡൽഹിയിൽ യമുനയിൽ ചാടിയ യുവാവിനെ രക്ഷപെടുത്തി പോലീസ്
ഐഫോൺ ഇഎംഐ അടയ്ക്കാനാകാത്തതിനെത്തുടർന്ന് ഡൽഹിയിൽ യുവാവ് യമുനാ നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു.
ഐഫോണിന്റെ ഇഎംഐ (EMI) തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഡൽഹിയിൽ മുപ്പതുകാരൻ യമുനാ നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡൽഹി ഒഖ്‌ല സഞ്ജയ് കോളനിയിലെ ഡാൻസ് അധ്യാപകനായ ദീപക് കുമാറാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ തെക്കുകിഴക്കൻ ഡൽഹിയിലെ കാളിന്ദി കുഞ്ച് ഭോലാ ഘട്ടിന് സമീപം ആത്മഹത്യാശ്രമം നടത്തിയത്. ഡാൻസ് പരിശീലനത്തിന് പുറമെ തോട്ടം പണിയും ചെയ്താണ് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തെ ഇയാൾ പുലർത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ദീപകിന്, ഇഎംഐ വ്യവസ്ഥയിൽ വാങ്ങിയ ഐഫോണിന്റെ തവണകൾ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇത് മൂലം വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു ഇയാളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നദിയിൽ ഒരാൾ ചാടിയെന്ന വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പോലീസ് സംഘം ബോട്ടുമായി രക്ഷാപ്രവർത്തനം നടത്തി ഇയാളെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിങ്ങിന് വിധേയനാക്കിയ ശേഷം, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഭാര്യയ്ക്കും ബന്ധുക്കൾക്കുമൊപ്പം ഇയാളെ പറഞ്ഞയച്ചു. അടുത്തിടെ മഹാരാഷ്ട്രയിൽ ഐഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് പതിനെട്ടുകാരനായ മകൻ മലമുകളിൽനിന്ന് ചാടുകയും, അവനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കളും മലയിടുക്കിലേക്ക് വീണ് ഒരു കുടുംബത്തിലെ മൂന്നുപേർ ദാരുണമായി മരിക്കുകയും ചെയ്തിരുന്നു. ആ ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് ഐഫോണുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നും സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Comments ()