ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു
ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം ഒഴിഞ്ഞു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. സെപ്റ്റംബറില്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായി തുടരും.
രാജിവെക്കാനുള്ള തീരുമാനം അദ്ദേഹം രാവിലെ രാജാവിനെ ഫോണ്‍ മുഖേന അറിയിച്ചു. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ച് സെപ്റ്റംബറിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. സാമ്പത്തികം, പ്രതിരോധം, ദേശീയ സുരക്ഷ എന്നീ മേഖലകളില്‍ രാജ്യത്തിന്റെ വിശ്വാസം പുനഃസ്ഥാപിക്കാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. പുതിയ നേതാവിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടി സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി വന്‍വിജയം സ്വന്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് തിരിച്ചടിയായതോടെയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. അധികാരമേറ്റതിന് പിന്നാലെ 'ബ്രിട്ടന്‍ മാറ്റത്തിനാണ് വോട്ട് ചെയ്തതെന്ന്' സ്റ്റാര്‍മര്‍ പ്രതികരിച്ചിരുന്നു.
Comments ()