കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്
അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലേക്ക് മാറ്റിയിട്ടുണ്ട്
മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവാണ് മരിച്ചത്.
കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. തൃശൂർ–കോഴിക്കോട് റൂട്ടിലോടിയിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ചതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ വലിയ തിരക്കുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലേക്ക് മാറ്റിയിട്ടുണ്ട്.
ബസ് സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്കാണ് മറിഞ്ഞത്. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബസിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മധ്യഭാഗം പിളർന്ന നിലയിലായിരുന്നു.
അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളുടെ പ്രാഥമിക വിലയിരുത്തൽ. മഴയെ തുടർന്ന് റോഡ് നനഞ്ഞുകിടന്നതും വാഹനത്തിന്റെ വേഗതയും അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()