കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ അപകടം: സ്വകാര്യ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു
ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നുപോവുകയായിരുന്ന അക്ഷരയെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
കൊച്ചി: കാക്കനാട്ട് യുവതിയുടെ ദാരുണമായ മരണത്തിനിടയാക്കിയ 'മലയിൽ' എന്ന സ്വകാര്യ ബസിന്റെ പെർമിറ്റ് മറ്റൊരു കേസിൽ ട്രിപ്പ് മുടക്കിയതിനെ തുടർന്ന് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഈ ബസിന്റെ പെർമിറ്റ് ശനിയാഴ്ച മുതലാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. ജിമ്മിലെ വ്യായാമത്തിനു ശേഷം നടന്നുപോവുകയായിരുന്ന ഇൻഫോപാർക്കിലെ ഐ.ടി. കമ്പനി ജീവനക്കാരിയും തൃശ്ശൂർ സ്വദേശിനിയുമായ അക്ഷര (29) അമിതവേഗത്തിലെത്തിയ 'മലയിൽ' ബസ് ഇടിച്ചു വീഴുകയായിരുന്നു. അപകട സംഭവത്തിലും ബസിനെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും കൂടുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്നത് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാത്ത ഡ്രൈവറാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ ഡ്രൈവർ സി.കെ. ബിനോയ് ലഹരിമരുന്ന് ഇടപാടുകളിലും അടിപിടി കേസുകളിലും ഉൾപ്പെടെ പ്രതിയാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
Comments ()