പൊതുഗതാഗത യാത്രക്കാർക്ക് തിരിച്ചടി;ബസ് യാത്രയ്ക്ക് ഇനി ചെലവേറും, ടിക്കറ്റ് നിരക്കിൽ വൻ വർധന
ബെംഗളൂരു നഗരത്തിലെ ബസ് യാത്രയ്ക്ക് നിലവിലെ നിരക്കിനേക്കാൾ 35 ശതമാനം വരെ അധികം നൽകേണ്ടിവരും. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സർവീസുകളിൽ ശരാശരി 23 ശതമാനത്തോളം വർധനയുണ്ടാകും
ബെംഗളൂരു: കർണാടകയിലെ പൊതുഗതാഗത ബസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനം. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) എന്നിവയുടെ സർവീസുകളിലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. നവംബർ 5 അർധരാത്രി മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും.
ബെംഗളൂരു നഗരത്തിലെ ബസ് യാത്രയ്ക്ക് നിലവിലെ നിരക്കിനേക്കാൾ 35 ശതമാനം വരെ അധികം നൽകേണ്ടിവരും. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സർവീസുകളിൽ ശരാശരി 23 ശതമാനത്തോളം വർധനയുണ്ടാകും. നഗരത്തിലെ ബി.എം.ടി.സി ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് ആറ് രൂപയിൽനിന്ന് 10 രൂപയായും ഉയർത്തിയിട്ടുണ്ട്.
ദീർഘദൂര ബസ് സർവീസുകളിലും പുതിയ നിരക്ക് ബാധകമാകും. ഡീസൽ വിലയിലുണ്ടായ വർധനയും ഗതാഗത കോർപറേഷനുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് നിരക്ക് പുനഃക്രമീകരിക്കാൻ പ്രധാന കാരണങ്ങളായി ഗതാഗത മന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കിയത്. കോർപറേഷനുകൾക്ക് ലാഭം നേടുക എന്നതല്ല നിരക്ക് വർധനയുടെ ലക്ഷ്യമെന്നും പൊതുഗതാഗത സംവിധാനത്തെ സാമ്പത്തികമായി നിലനിർത്തുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു.
ബി.എം.ടി.സിയുടെ എസി വിഭാഗത്തിലുള്ള വജ്ര, വായു വജ്ര സർവീസുകൾക്കും നിരക്ക് വർധന ബാധകമാകും. അതേസമയം, കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി തുടരും. എന്നാൽ എസി ബസുകൾക്കും പ്രീമിയം സർവീസുകൾക്കും നിലവിൽ ശക്തി പദ്ധതിയുടെ ആനുകൂല്യം ലഭ്യമല്ല.
Comments ()