ബെംഗളൂരുവിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രണയബന്ധത്തിന്റെ പേരില്‍ കൊലപാതകം; ദുരഭിമാനക്കൊലയെന്ന് കുടുംബം
കിരണിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
പാലക്കാട്: ബെംഗളൂരുവില്‍ കൊല്ലപ്പെട്ട പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിന്റേത് (25) ദുരഭിമാനക്കൊലയാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തമിഴ്‌നാട് സ്വദേശിയും ബെംഗളൂരുവിലെ മെഷീന്‍ നിര്‍മ്മാണ കമ്പനി ഉടമയുമായ ആനന്ദിന്റെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് കിരണിന്റെ കുടുംബം ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബവുമായുള്ള ബന്ധത്തെ ആനന്ദ് ശക്തമായി എതിര്‍ത്തിരുന്നുവെന്നും, ഈ പകയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി കിരണിനെ തല്ലിക്കൊല്ലുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഇരുവരുടെയും പ്രണയബന്ധത്തെക്കുറിച്ച് ഇരുവീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിദേശത്തുനിന്നും കിരണ്‍ നാട്ടിലെത്തിയത്. ഒരു മാസത്തിനുശേഷം സഹോദരന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലേക്ക് മാറുകയായിരുന്നു. ആനന്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കിരണിന്റെ സഹോദരന്‍ ജോലി ചെയ്തിരുന്നത്. പിന്നീട് കിരണും ഇതേ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ കാലയളവിലാണ് ആനന്ദിന്റെ മകളുമായി കിരണ്‍ പ്രണയത്തിലാകുന്നത്.
തങ്ങളുടെ സാമ്പത്തിക പശ്ചാത്തലം മോശമായതിനാലാണ് ആനന്ദ് ഈ ബന്ധത്തെ എതിര്‍ത്തതെന്നും, എന്നാല്‍ ഇത് കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതിയില്ലെന്നും കിരണിന്റെ സഹോദരി പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് കിരണ്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ കിരണിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. പോലീസിന്റെ പ്രാഥമിക അന്വേഷണവും അന്വേഷണ നടപടികളും പുരോഗമിക്കുകയാണ്.
Comments ()