സ്‌കൂളില്‍ കയറി വിദ്യാര്‍ഥിനിയെ വെട്ടിയ കേസ്: പോലീസ് വെടിവച്ച് കീഴടക്കിയ പ്രതിയുടെ വലതുകാല്‍ മുറിച്ചുമാറ്റി
എൻകൗണ്ടറിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ വലതുകാൽ ചികിത്സയ്ക്കിടെ മുറിച്ചുമാറ്റി.
അമരാവതി: ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിൽ സ്കൂൾ വിദ്യാർഥിനിയെ യന്ത്രവാൾ കൊണ്ട് ആക്രമിച്ച കേസിലെ പ്രതി ഹേമന്തിന് (21) എൻകൗണ്ടറിലെ പരുക്കിനെ തുടർന്ന് വലതുകാൽ നഷ്ടമായി. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഹേമന്തിനെ ആറുതവണ വെടിവച്ചാണ് പൊലീസ് കീഴടക്കിയത്. ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ പരുക്കേറ്റ ഭാഗത്ത് ശക്തമായ അണുബാധ കണ്ടെത്തിയതിനെ തുടർന്ന്, അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ ഡോക്ടർമാർ മുട്ടിനു മുകളിൽ വച്ച് വലതുകാൽ മുറിച്ചുമാറ്റുകയായിരുന്നു.
രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ ക്ലാസ് മുറിയിൽ കയറിയാണ് ഹേമന്ത് വിദ്യാർഥിനിയെ ആക്രമിച്ചത്. പ്രതിയുടെ പ്രണയാഭ്യർഥന നിരസിച്ചതാണ് ക്രൂരമായ ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധു കൂടിയായ ഹേമന്തിനെ എൻകൗണ്ടറിലൂടെ വധിക്കണമെന്ന് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ മുൻപ് ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾക്കാണ് പരുക്കേറ്റത്.
അതേസമയം, ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. വെന്റിലേറ്റർ സഹായം കൂടാതെ നിലവിൽ പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Comments ()