ഒമ്പതാം ക്ലാസ് പരീക്ഷയില്‍ വിജയിച്ചു, മകന്റെ ആഗ്രഹം സഫലമാക്കി പിതാവ്; സമ്മാനിച്ചത് കോടികള്‍ വിലമതിക്കുന്ന ബിഎംഡബ്ല്യു കാര്‍!

മകന്റെ മനസ്സറിയുന്ന പിതാവ് പരീക്ഷയിൽ ഉന്നത വിജയം നേടിയതോടെ ആ ആഗ്രഹം സാധിച്ചുകൊടുത്തു.

ഒമ്പതാം ക്ലാസ് പരീക്ഷയില്‍ വിജയിച്ചു, മകന്റെ ആഗ്രഹം സഫലമാക്കി പിതാവ്; സമ്മാനിച്ചത് കോടികള്‍ വിലമതിക്കുന്ന ബിഎംഡബ്ല്യു കാര്‍!

പരീക്ഷകളിൽ വിജയം നേടുമ്പോൾ കുട്ടികളെ അനുമോദിക്കാനും തുടർപഠനത്തിന് പ്രചോദനമാകാനും മാതാപിതാക്കൾ സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. എന്നാൽ, ബംഗാളിൽ നിന്നുള്ള ഒരു വ്യവസായി തന്റെ മകന് നൽകിയ സമ്മാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ഒൻപതാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പതിനഞ്ചുകാരനായ മുഹമ്മദ് തൽഹയ്ക്കാണ് പിതാവ് ഷംസുദ്ദീൻ മിദ്യ 2.30 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എംഫോർ കോംപറ്റീഷൻ (BMW M4 Competition) സ്പോർട്സ് കാർ സമ്മാനിച്ചത്.

ജർമ്മൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ അതിവേഗ കാറുകളിൽ ഒന്നാണിത്. 3.0 ലീറ്റർ ട്വിൻ ടർബോ എൻജിനും മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗതയുമുള്ള ഈ വാഹനത്തിന്റെ ഇന്റീരിയർ അതിയാഡംബര രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കാറുകളോട് വലിയ കമ്പമുള്ള തൽഹയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു എംഫോർ കോംപറ്റീഷൻ സ്വന്തമാക്കുക എന്നത്. മകന്റെ ആഗ്രഹം മനസ്സിലാക്കിയ സ്നേഹനിധിയായ പിതാവ്, പരീക്ഷയിലെ മികച്ച വിജയം ആഘോഷമാക്കിക്കൊണ്ട് ആ സ്വപ്നം സാക്ഷാത്കരിച്ചു നൽകുകയായിരുന്നു. മുംബൈയിലെ ഷോറൂമിൽ നിന്ന് പ്രത്യേക കണ്ടെയ്നറിലാണ് ഈ ലക്ഷ്വറി കാർ കുട്ടിയുടെ വീട്ടിലെത്തിച്ചത്. തൽഹയ്ക്ക് തികച്ചും അപ്രതീക്ഷിതമായി നൽകിയ ഈ സർപ്രൈസ് സമ്മാനം ഇപ്പോൾ വലിയ കൗതുകത്തോടെയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.