പെൺകുട്ടിയെ വെട്ടിയ കേസ്: പ്രതിയുടെ വെടിയേറ്റ കാൽ മുറിച്ചുമാറ്റി; മുറിച്ച ഭാഗം സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്
പ്രണയം നിരസിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ 21 വയസ്സുള്ള ബന്ധു ആക്രമിച്ചത്.
അമരാവതി: സ്കൂൾ ക്ലാസ് മുറിയിൽ യന്ത്രവാളുമായി എത്തി പത്താം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയുടെ മുറിച്ചുമാറ്റിയ കാൽ സംരക്ഷിച്ചുവെക്കാൻ ആന്ധ്രപ്രദേശ് ഹൈക്കോടതി നിർദേശം നൽകി. കേസിലെ പ്രതിയായ 21-കാരൻ ഹേമന്തിന്റെ വലതുകാൽ സംരക്ഷിക്കാനാണ് അനന്തപുർ സർക്കാർ ആശുപത്രി അധികൃതരോട് കോടതി ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബർ 31-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രണയം നിരസിച്ചതിലുള്ള പകയെ തുടർന്ന് ബന്ധു കൂടിയായ ഹേമന്ത്, പത്താം ക്ലാസ് വിദ്യാർഥിനി പഠിക്കുന്ന സ്കൂളിലെ ക്ലാസ് മുറിയിൽ യന്ത്രവാളുമായി കയറിച്ചെന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം പ്രതിയെ ആന്ധ്രപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ തുടർന്ന് നടന്ന തെളിവെടുപ്പിനിടെയാണ് സംഭവവികാസങ്ങൾ മാറിമറിഞ്ഞത്. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കല്ലുപയോഗിച്ച് ആക്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി കാലിലേക്ക് വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. വെടിയേറ്റ ഹേമന്തിനെ ഉടൻ തന്നെ അനന്തപുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മുറിവിൽ അണുബാധ രൂക്ഷമായതിനെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു.
അതേസമയം, പൊലീസിന്റെ വെടിവെപ്പിൽ ക്രമക്കേടുണ്ടെന്നും സംഭവത്തിൽ സിബിഐ (CBI) അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ശാസ്ത്രീയ തെളിവുകൾ നശിക്കാതിരിക്കാൻ പ്രതിയുടെ മുറിച്ചുമാറ്റിയ കാൽ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് നിർദേശിച്ച കോടതി, ഹർജി പരിഗണിക്കുന്നത് ഡിസംബർ 30-ലേക്ക് മാറ്റി.
പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ ലഹരിമരുന്നുകൾക്ക് അടിമയാണെന്നും പലപ്പോഴും കടുത്ത വിഭ്രാന്തി പ്രകടിപ്പിക്കുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും ചികിത്സയിലാണ്.
Comments ()