'രാഹുൽ ഗാന്ധിക്ക് മുമ്പ് ഒരു കുഞ്ഞ് കൂടിയുണ്ടായിരുന്നു'; ഹൃദയസ്പർശിയായ വെളിപ്പെടുത്തലുമായി സോണിയ ഗാന്ധി

'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിലാണ് ഈ കുഞ്ഞിനെ കുറിച്ച് സോണിയ ഗാന്ധി വെളിപ്പെടുത്തുന്നത്.

'രാഹുൽ ഗാന്ധിക്ക് മുമ്പ് ഒരു കുഞ്ഞ് കൂടിയുണ്ടായിരുന്നു'; ഹൃദയസ്പർശിയായ വെളിപ്പെടുത്തലുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് മുമ്പ് തനിക്ക് മറ്റൊരു ആൺകുഞ്ഞ് കൂടി ജനിച്ചിരുന്നുവെന്നും എന്നാല്‍ ആ കുഞ്ഞിന് ഒരു ദിവസം മാത്രമായിരുന്നു ആയുസുണ്ടായിരുന്നതെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ പുതിയ ഓർമ്മക്കുറിപ്പായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിലാണ് സോണിയ ഗാന്ധി കടുത്ത മാനസിക വേദന നിറഞ്ഞ ആ നാളുകളെക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

ഇന്ദിര ഗാന്ധിയുടെ സന്തോഷവും പ്രസവവും താൻ ഗര്‍ഭിണിയാണെന്ന വാര്‍ത്തയറിഞ്ഞ് സാധാരണ ഗൗരവഭാവത്തില്‍ കാണപ്പെട്ടിരുന്ന ഇന്ദിര ഗാന്ധി പോലും ഏറെ സന്തോഷത്തിലായിരുന്നുവെന്ന് സോണിയ ഓര്‍ത്തെടുക്കുന്നു. 1968 സെപ്റ്റംബറിലായിരുന്നു അത്. സോണിയയെ കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് 'ഒരു വലിയ കുഞ്ഞ് മറ്റൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു' എന്നാണ് ഇന്ദിര അന്ന് പറഞ്ഞത്.

പ്രസവതീയതിക്ക് രണ്ട് മാസം മുമ്പ്, 1969 ജനുവരി 18-നാണ് സ്വാഭാവിക പ്രസവത്തിലൂടെ സോണിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ആദ്യ കരച്ചില്‍ ഇന്‍ക്യുബേറ്ററില്‍ കിടത്തുമ്പോഴാണ് കേട്ടത്. രാജീവ് തന്നെ കുഞ്ഞിനെ കാണിക്കാനായി കൊണ്ടുവന്ന നിമിഷത്തെക്കുറിച്ച് സോണിയ പുസ്തകത്തിൽ കുറിക്കുന്നു; കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള വിരലുകളുമുള്ള ഒരു ചെറിയ ആണ്‍കുഞ്ഞായിരുന്നു അവൻ. രാജീവിന്റെ കൈ തന്റെ തോളിലൂടെ ചുറ്റിപ്പിടിച്ചിരിക്കെ രണ്ടുപേരും ആ കുഞ്ഞിനെ നോക്കിനിന്നു. ആദ്യ കാഴ്ചയില്‍ തന്നെ അവര്‍ ആ കുഞ്ഞിനെ സ്നേഹിച്ചുതുടങ്ങി.

കുഞ്ഞിന്റെ മരണം തകര്‍ത്ത കളഞ്ഞ നിമിഷങ്ങള്‍ എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ രാജീവിനെ അറിയിച്ചിരുന്നു. പുലര്‍ച്ചെ 6.30-ഓടെ കുഞ്ഞ് മരണപ്പെട്ട വിവരം രാജീവ് സോണിയയെ അറിയിച്ചു. 'ആമി ആന്റി അരികിലിരിക്കെ രാജീവ് വളരെ സൗമ്യമായാണ് ആ വാര്‍ത്ത എന്നോട് പറഞ്ഞത്. "ഇല്ല, അങ്ങനെ സംഭവിക്കില്ല! എങ്ങനെ?" എന്നായിരുന്നു എന്റെ ചോദ്യം. ഞങ്ങള്‍ രണ്ടുപേരും തകര്‍ന്നുപോയി. പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. സാധാരണഗതിയില്‍ വികാരങ്ങള്‍ പുറത്തുകാണിക്കാത്ത രാജീവും അന്ന് കരഞ്ഞുപോയി,' സോണിയ ഗാന്ധി കുറിച്ചു.

മറ്റൊരു സ്ഥലത്തായിരിക്കുമ്പോഴാണ് ഇന്ദിര ഗാന്ധി കുഞ്ഞിന്റെ മരണവാര്‍ത്തയറിയുന്നത്. മറ്റ് പരിപാടികളൊഴിവാക്കി ആശുപത്രിയിലെത്തിയ ഇന്ദിരയുടെ കണ്ണുകള്‍ കരഞ്ഞുകലങ്ങിയിരുന്നു. ഔദ്യോഗിക യാത്ര പൂര്‍ത്തിയാക്കേണ്ടതിനാല്‍ അവര്‍ അല്‍പസമയത്തിന് ശേഷം മടങ്ങി.

അന്ത്യകര്‍മങ്ങളിലെ പ്രതിസന്ധികള്‍ കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെ നടത്തണമെന്നത് കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കി. ഹിന്ദു ആചാരപ്രകാരം നവജാതശിശുക്കളെ സാധാരണയായി സംസ്‌കരിക്കാറില്ല, പകരം നദിയില്‍ ഒഴുക്കുകയാണ് പതിവ്. എന്നാല്‍ ഒരിക്കല്‍ ഓഖ്‌ല ബാരേജില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ കുടുങ്ങിക്കിടന്ന ഒരു മൃതദേഹം വിശന്നുനടന്ന നായ്ക്കള്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കണ്ട അനുഭവം സോണിയയെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു.

'എന്ത് സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയില്‍ ഒഴുക്കാന്‍ ഞാന്‍ അനുവദിക്കില്ല. നദി എത്ര പവിത്രമാണെങ്കിലും എന്റെ കുഞ്ഞിനോട് അങ്ങനെ ചെയ്യാന്‍ എനിക്ക് കഴിയില്ല,' സോണിയ എഴുതുന്നു. ക്രിസ്ത്യൻ ശ്മശാനത്തിലോ അടുത്തുള്ള പാഴ്‌സി ശ്മശാനത്തിലോ അടക്കം ചെയ്യുന്നതും പ്രയാസകരമായിരുന്നു. ഒടുവില്‍ മെഹ്‌റൗളിയിലെ ഫിറോസ് ഗാന്ധിയുടെ ഫാംഹൗസില്‍ കുഞ്ഞിനെ അടക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രാജീവും സഹോദരന്‍ സഞ്ജയ് ഗാന്ധിയും ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ഫാംഹൗസിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് പൂത്തുനിന്നിരുന്ന പിങ്ക് ബോഗന്‍വില്ല ചെടിയുടെ ചുവട്ടില്‍ ആഴത്തില്‍ കുഞ്ഞിനെ അടക്കം ചെയ്തതായി രാജീവ് പിന്നീട് സോണിയയോട് പറഞ്ഞു.

അധിക്ഷേപങ്ങളും രാഹുൽ ഗാന്ധിയുടെ ജനനവും കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വിഷാദവും അപര്യാപ്തതാബോധവും കുറ്റബോധവുമെല്ലാം സോണിയയെ ഏറെക്കാലം വേട്ടയാടി. ഇതിനിടയിലാണ് ഒരു വലതുപക്ഷ പ്രതിപക്ഷ പത്രത്തില്‍ ഇന്ദിര ഗാന്ധിയെ ലക്ഷ്യമിട്ട്, 'അവിഹിതബന്ധത്തില്‍ ജനിച്ച കുഞ്ഞിന്റെ മുത്തശ്ശിയാകാനുള്ള ഇന്ദിര ഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു' എന്ന രീതിയില്‍ അപകീര്‍ത്തികരമായ പരാമർശം വന്നത്. ആ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്ന് സോണിയ വ്യക്തമാക്കി.

തുടര്‍ന്ന്, 1969 ഒക്ടോബറില്‍ വീണ്ടും ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത സോണിയ രാജീവിനെ അറിയിച്ചു. സന്തോഷത്തോടൊപ്പം ആശങ്കയും മനസിലുണ്ടായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു. ഒടുവിൽ 1970 ജൂണ്‍ 19നാണ് സോണിയ രാഹുല്‍ ഗാന്ധിക്ക് ജന്മം നല്‍കിയത്.