കാൻസർ ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടമായി; ദുരിതത്തിലായ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളത്തിൽ നിന്ന് സഹായവുമായി പൊലീസ് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കായി സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പരവൂർ സ്വദേശിയായ വീട്ടമ്മയുടെ ബാഗ് നഷ്ടപ്പെടുകയായിരുന്നു. 48,000 രൂപയും വസ്ത്രങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്
കൊല്ലം: കാൻസർ ചികിത്സയ്ക്കായി പണം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളത്തിൽ നിന്ന് തുക നൽകി സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. കല്ലമ്പലം സ്റ്റേഷനിലെ എഎസ്ഐ എ. അർഷാദും സഹപ്രവർത്തകരുമാണ് കാരുണ്യത്തിന്റെ മാതൃകയായത്.
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കായി സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പരവൂർ സ്വദേശിയായ വീട്ടമ്മയുടെ ബാഗ് നഷ്ടപ്പെടുകയായിരുന്നു. 48,000 രൂപയും വസ്ത്രങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. പിന്നീട് ബാഗ് കണ്ടെത്തിയെങ്കിലും ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന പണം നഷ്ടമായിരുന്നു. ഇതോടെ സഹായം തേടി വീട്ടമ്മയും സഹോദരനും കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി എഎസ്ഐ അർഷാദിനെ കണ്ടു.
വീട്ടമ്മയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തി പണം കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് അർഷാദ് സഹപ്രവർത്തകരുടെ സഹായത്തോടെ സ്വന്തം നിലയിൽ പണം സമാഹരിക്കാൻ തീരുമാനിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ 41,000 രൂപ കണ്ടെത്തി.
സമാഹരിച്ച തുകയുമായി പൊലീസുകാർ പരവൂരിലെ വീട്ടിലെത്തി വീട്ടമ്മയ്ക്ക് പണം കൈമാറി. രോഗാവസ്ഥയിലും സാമ്പത്തിക പ്രതിസന്ധിയിലും കഴിയുന്ന കുടുംബത്തിന് പൊലീസിന്റെ ഈ സഹായം വലിയ ആശ്വാസമായി. അർഷാദിന്റെയും കല്ലമ്പലം പൊലീസ് സംഘത്തിന്റെയും സ്നേഹപൂർവമായ ഇടപെടലിന് സമൂഹമാധ്യമങ്ങളിലടക്കം അഭിനന്ദനങ്ങൾ ഉയരുകയാണ്.
Comments ()