ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും, മൂന്ന് ദിവസം ജാഗ്രത വേണം, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മറ്റ് നാല് ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും, മൂന്ന് ദിവസം ജാഗ്രത വേണം, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് നാല് ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഒക്ടോബർ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒക്ടോബർ 24ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള തെക്കൻ ജില്ലകൾക്കൊപ്പം എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും.

ഒക്ടോബർ 25ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളുടെ എണ്ണം 12 ആയി ഉയരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 26ന് 12 ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ചൊവ്വാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവിലെ പ്രവചനം.

24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് അതിശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. ശക്തമായ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.