500 രൂപ ട്രാഫിക് പിഴ അടയ്ക്കാൻ സന്ദേശം; ; വ്യാജ ലിങ്ക് വഴി യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ
ഓൺലൈൻ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ
കൊച്ചി വൈപ്പിനിൽ ഓൺലൈൻ വഴി ട്രാഫിക് പിഴയടയ്ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ അക്കൗണ്ടിൽനിന്ന് 3 ലക്ഷം രൂപ കവർന്നു. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവാണ് സൈബർ തട്ടിപ്പിനിരയായത്. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ ഇരുചക്ര വാഹനത്തിന് 500 രൂപ ട്രാഫിക് പിഴയടയ്ക്കാനുണ്ടെന്ന് കാണിച്ച് ഫോണിലേക്ക് ഒരു സന്ദേശവും ഒപ്പം വ്യാജ ലിങ്കും ലഭിക്കുകയായിരുന്നു. ഈ ലിങ്കിൽ പ്രവേശിച്ച് ഒടിപി നൽകി, സ്വകാര്യ ബാങ്കിന്റെ ഇന്റർഫേസ് വഴി പണമടയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തട്ടിപ്പുകാർ അക്കൗണ്ട് കാലിയാക്കിയത്. എസ്ബി അക്കൗണ്ടിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ ഓൺലൈൻ വഴി മറ്റൊരു ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയായിരുന്നു.
പണം നഷ്ടപ്പെട്ടതറിഞ്ഞ ഉടൻ തന്നെ യുവാവ് നാഷനൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകിയെങ്കിലും ദീർഘകാലമായിട്ടും നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ഈ പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് നേരിട്ട് ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും മറ്റ് വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
Comments ()