പ്രായപരിധി ശിക്ഷയിൽ നിന്നുള്ള പഴുതാകുന്നു; ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി

23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നും കോടതി വ്യക്തമാക്കി.

പ്രായപരിധി ശിക്ഷയിൽ നിന്നുള്ള പഴുതാകുന്നു; ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്തവരുടെ പ്രായപരിധി 18 വയസ്സിൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും കൈവരുന്നുണ്ടെന്ന് വ്യക്തമാണ്. അതിനാൽ കാലാനുസൃതമായി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പ്രായപരിധി എന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുകയാണ്. പല കേസുകളിലും നിയമപരമായ പരിമിതികൾ കാരണം കർശന നടപടിയെടുക്കാൻ സാധിക്കാതെ വരുന്നുണ്ടെന്നും, വൈകാരികമായി തീരുമാനങ്ങളെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും ഇത് വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന മാരകമായ അപകടങ്ങളെക്കുറിച്ചും കോടതി പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. തിരുവനന്തപുരം പാങ്ങപ്പാറയിൽ 17 വയസ്സുകാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ കേസടക്കം സംസ്ഥാനത്ത് വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.