നീലഗിരിയിൽ കാറിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്.
നീലഗിരി മേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കിടെ, കുനൂർ മേട്ടുപ്പാളയം റോഡിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് കാർ യാത്രക്കാരനായ ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തി ദാരുണമായി കൊല്ലപ്പെട്ടു. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ചുപേർ മേട്ടുപ്പാളയത്തെ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം.
റോഡിന്റെ ഒരുവശത്തുനിന്ന് പെട്ടെന്ന് പതിച്ച കല്ലുകൾ കാറിന്റെ മുൻവശത്ത് ഇടതുഭാഗത്തിരുന്ന കൃഷ്ണമൂർത്തിയുടെ ശരീരത്തിലേക്കാണ് വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തൊട്ടുപിന്നിലിരുന്ന ഭാര്യ ദേവകി, ബന്ധുവായ ചിന്താമണി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ച മകനടക്കം മറ്റുള്ളവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()