വിനോദയാത്രയ്ക്കിടെ അപകടം; കാർ ആറ്റിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കുട്ടിക്കാനത്തുനിന്ന് കട്ടപ്പന ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നാലാംമൈൽ പാലത്തിൽ എത്തിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ കാർ ചിന്നാർ ആറ്റിൽ പതിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

വിനോദയാത്രയ്ക്കിടെ അപകടം; കാർ ആറ്റിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൊടുപുഴ: വിനോദയാത്രയ്ക്കിടെ ഇടുക്കിയിൽ കാർ പാലത്തിൽ നിന്ന് തെന്നിമാറി ചിന്നാർ ആറ്റിലേക്ക് പതിച്ച് 28കാരന് ദാരുണാന്ത്യം. അടൂർ സ്വദേശി അഭിഷേക് എസ്. നായരാണ് മരിച്ചത്. എലപ്പാറയ്ക്ക് സമീപം നാലാംമൈലിലായിരുന്നു അപകടം.

കുട്ടിക്കാനത്തുനിന്ന് കട്ടപ്പന ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നാലാംമൈൽ പാലത്തിൽ എത്തിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ കാർ ചിന്നാർ ആറ്റിൽ പതിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അഭിഷേകിനൊപ്പമുണ്ടായിരുന്ന ഭാര്യ കാവ്യ, അഭിറാം, അപ്സ എന്നിവർക്കും പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഘത്തിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി വിവരമുണ്ടെങ്കിലും ഇയാളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

അപകടവിവരം അറിഞ്ഞെത്തിയവർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഭിഷേകിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ചും വാഹനത്തിലുണ്ടായിരുന്നവരുടെ കൃത്യമായ വിവരങ്ങൾ സംബന്ധിച്ചും പരിശോധന തുടരുകയാണ്.