സൗദിയിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു, നാലുപേർ ഗുരുതരാവസ്ഥയിൽ

അസീറിലെ ബൽഹമറിനെയും തിഹാമയെയും ബന്ധിപ്പിക്കുന്ന ചുരംപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി സ്വദേശികളുടെ കാർ യാത്രാമധ്യേ നിയന്ത്രണം നഷ്ടപ്പെട്ട് ആഴമേറിയ മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു

സൗദിയിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞു; ഒരു  കുടുംബത്തിലെ ആറുപേർ മരിച്ചു, നാലുപേർ ഗുരുതരാവസ്ഥയിൽ

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ അൽജഅ്ദ മലയോര പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

അസീറിലെ ബൽഹമറിനെയും തിഹാമയെയും ബന്ധിപ്പിക്കുന്ന ചുരംപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി സ്വദേശികളുടെ കാർ യാത്രാമധ്യേ നിയന്ത്രണം നഷ്ടപ്പെട്ട് ആഴമേറിയ മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ആറുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്ക് വിധേയരാക്കി.

സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും അപകടസാധ്യതയേറിയ മലയോര പാതകളിലൊന്നായി അൽജഅ്ദ ചുരം അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള ഈ റോഡിൽ കുത്തനെയുള്ള ഇറക്കങ്ങളും വളവുകളും യാത്ര ദുഷ്കരമാക്കുന്ന പ്രധാന ഘടകങ്ങളാണ്.

പാതയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥാ സാഹചര്യങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മൂടൽമഞ്ഞ് കനക്കുന്ന സമയങ്ങളിലും കാഴ്ചപരിധി കുറയുന്ന സാഹചര്യങ്ങളിലും ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് അധികൃതർ നിർദേശിച്ചു.