കരകവിഞ്ഞൊഴുകിയ പുഴ മുറിച്ചുകടക്കുന്നതിനിടെ കാർ ഒഴുകിപ്പോയി; അമ്മയും രണ്ട് മക്കളും മരിച്ചു
ദർവാ മേഖലയിലെ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യത്തിലും വാഹനം മുന്നോട്ട് നീക്കിയതോടെയാണ് കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് ഒഴുകിയത്
യവത്മാൽ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദാരുണ ദുരന്തം. യവത്മാൽ ജില്ലയിലെ കുപ്തി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ കടക്കുന്നതിനിടെ കാർ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിപ്പോയതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുടുംബനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
അഹില്യാനഗർ ജില്ലയിലെ ലോണിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ദർവാ മേഖലയിലെ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യത്തിലും വാഹനം മുന്നോട്ട് നീക്കിയതോടെയാണ് കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് ഒഴുകിയത്.
അപകടസമയത്ത് കാറിലുണ്ടായിരുന്ന അവിനാഷ് ഖണ്ഡാരെ സമീപത്തെ മരത്തിൽ പിടിച്ചുകയറി ജീവൻ രക്ഷിച്ചു. എന്നാൽ ഭാര്യ മാധവിക്കും രണ്ട് പെൺമക്കൾക്കും രക്ഷപ്പെടാനായില്ല. വിവരം ലഭിച്ചതോടെ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി വ്യാപക തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കാറും മൂന്ന് മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.
Comments ()