മൈസൂരിൽ സ്കൂൾ ബസ് കയറിയിറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം; ദുരന്തം സഹോദരനെ കൂട്ടാൻ എത്തിയപ്പോൾ
അമ്മ കുഞ്ഞിനെ ബസിൽ നിന്ന് താഴെയിറക്കുന്നതിനിടെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം.
കർണാടകയിലെ മൈസൂരിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. നാലു വയസ്സുള്ള മൂത്ത സഹോദരനെ കൂട്ടിക്കൊണ്ടുവരാനായി അമ്മയ്ക്കൊപ്പം എത്തിയ ലതിക്‌ഷ (ഒരു വയസ്സും ഏഴു മാസവും) എന്ന പെൺകുട്ടിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ബസിൽ നിന്ന് കുട്ടിയെ താഴെയിറക്കാൻ അമ്മ സഹായിക്കുന്നതിനിടെ വാഹനം പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു.
ഇതോടെ സമീപത്തുനിന്ന ലതിക്‌ഷയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയും കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയായ ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച കുടുംബം, അയാൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ ബസ് ഡ്രൈവർ സിദ്ധരാജുവിനെതിരെ (42) കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()