ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ ജീവനക്കാരന് ദാരുണാന്ത്യം

മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശത്താണ് സംഭവം. അജ്ഞാത വസ്തു കപ്പലിൽ പതിച്ചതിന് പിന്നാലെ തീപിടിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ ജീവനക്കാരന് ദാരുണാന്ത്യം

മസ്‌കറ്റ്: ഒമാനിലെ മുസന്ദം തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയിൽ സഞ്ചരിച്ചിരുന്ന എംവി കേപ് ദാവോ എന്ന ബൾക്ക് കാരിയറാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 27 ജീവനക്കാരെയും ഒമാൻ അധികൃതർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശത്താണ് സംഭവം. അജ്ഞാത വസ്തു കപ്പലിൽ പതിച്ചതിന് പിന്നാലെ തീപിടിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. അപകടത്തെ തുടർന്ന് കടലിൽ നിയന്ത്രണമില്ലാതെ ഒഴുകിയ കപ്പലിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും മരിച്ച ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾ എംബസി ഏകോപിപ്പിച്ചുവരികയാണ്.

കപ്പൽ ഇന്ത്യയിലേക്ക് ചരക്കുമായി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ചെങ്കടൽ മുതൽ അറബിക്കടൽ വരെയുള്ള പ്രധാന കപ്പൽപാതകളിൽ സുരക്ഷാ ഭീഷണി തുടരുന്നതിനിടെയാണ് മുസന്ദം തീരത്തെ പുതിയ സംഭവം.