സൗദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത
ഔദ്യോഗിക മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ ഇടിമിന്നലോടെ കനത്ത മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫെൻസും നാഷണൽ സെന്റർ ഫോർ മീറ്റിയോറോളജിയും മുന്നറിയിപ്പ് നൽകി. മക്കയിലെ താഇഫ്, മൈസാൻ, അദ്ഹം, അൽ അർദിയാത്ത് തുടങ്ങിയ മേഖലകളിലും ജീസാൻ, അസീർ, അൽ ബാഹ എന്നീ പ്രവിശ്യകളിലും ശക്തമായ മഴയ്‌ക്കൊപ്പം അപ്രതീക്ഷിത വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മക്ക നഗരം, അൽ കാമിൽ, അൽ ജുമും, ബഹ്റ, മദീന, നജ്റാൻ എന്നിവിടങ്ങളിൽ സാധാരണ മഴ ലഭിച്ചേക്കും.
ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സ്വദേശികളും വിദേശികളും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണം. മഴ സമയത്ത് വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്‌വരകളിലേക്കോ അരുവികളിലേക്കോ പോകരുത്. കുത്തിയൊഴുകുന്ന വെള്ളത്തിൽ നീന്താനോ വാഹനങ്ങളിൽ വെള്ളക്കെട്ടുകൾ മുറിച്ചുകടക്കാനോ ശ്രമിക്കരുതെന്നും, ഔദ്യോഗിക മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫെൻസ് ഓർമ്മിപ്പിച്ചു.
Comments ()