പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ പരാതി

മേപ്പയ്യൂര്‍ സ്വദേശികളായ രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരനുഭവമുണ്ടായത്.

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ  പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണം ഉയർന്നിരിക്കുകയാണ്. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്നും തുടര്‍ചികിത്സയില്‍ വലിയ വീഴ്ച സംഭവിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. മേപ്പയ്യൂര്‍ സ്വദേശികളായ രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരനുഭവമുണ്ടായത്.

ഈ മാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം നടന്നത്. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ എന്‍ഐസിയു (NICU) യൂണിറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടെങ്കിലും കൃത്യമായ തുടര്‍പരിശോധനകള്‍ നടത്താന്‍ ആശുപത്രി അധികൃതർ തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ കുഞ്ഞിനെ പരിശോധിച്ച് ബാന്‍ഡേജ് ചുറ്റുകയും രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പറഞ്ഞ ദിവസം ഡോക്ടർ പരിശോധനയ്ക്ക് എത്തിയില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു.

അതേസമയം, സംഭവത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് നൽകുന്ന വിശദീകരണം.