കാവേരി വിവാദം: കർണാടക സന്ദർശനത്തിന് മുൻപ് വിജയ്‌ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

കാവേരി തർക്കത്തിൽ ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്നത് കോടതിവഴിയുള്ള നിയമനടപടികളാണെന്നും, നേരിട്ടുള്ള രാഷ്ട്രീയ ചർച്ചകൾ സംസ്ഥാനത്തിന്റെ നിലപാടിൽ മാറ്റം വരുത്തുമെന്ന ആശങ്കയുണ്ടെന്നും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു

കാവേരി വിവാദം: കർണാടക സന്ദർശനത്തിന് മുൻപ് വിജയ്‌ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

ചെന്നൈ: കാവേരി ജലവിതരണ തർക്കവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്താനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ തീരുമാനത്തിന് സംസ്ഥാനത്ത് രാഷ്ട്രീയ എതിർപ്പ് ശക്തമാകുന്നു. വിഷയത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

കാവേരി തർക്കത്തിൽ ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്നത് കോടതിവഴിയുള്ള നിയമനടപടികളാണെന്നും, നേരിട്ടുള്ള രാഷ്ട്രീയ ചർച്ചകൾ സംസ്ഥാനത്തിന്റെ നിലപാടിൽ മാറ്റം വരുത്തുമെന്ന ആശങ്കയുണ്ടെന്നും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. വിജയ് ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഐഎഡിഎംകെയും കൂടിക്കാഴ്ചയെ വിമർശിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കാവൂവെന്നാണ് പാർട്ടിയുടെ നിലപാട്. മുഖ്യമന്ത്രി തലത്തിലുള്ള കൂടിക്കാഴ്ച തമിഴ്നാടിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 3-നാണ് വിജയും കർണാടക നേതൃത്വവും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശപ്രകാരമുള്ള വെള്ളം തമിഴ്നാടിന് ലഭിക്കുന്നില്ലെന്ന പരാതിയും, നദിക്ക് കുറുകെ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കവും തുടരുന്ന സാഹചര്യത്തിലാണ് ഈ ചർച്ചയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്.

അതിനിടെ, അതിർത്തി മേഖലകളിൽ കന്നഡ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനാൽ തമിഴ്നാട് ബസുകൾ ഹൊസൂർ വരെ മാത്രമാണ് സർവീസ് നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കർണാടക സന്ദർശനത്തിനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സംസ്ഥാനത്തിന്റെ പതിവ് സമീപനത്തിൽ നിന്നുള്ള വ്യത്യസ്തമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മുൻകാലങ്ങളിലും ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ലെന്ന ചൂണ്ടിക്കാട്ടലും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നിർദിഷ്ട കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത പക്ഷം അത് സർക്കാരിനും മുഖ്യമന്ത്രിക്കും രാഷ്ട്രീയമായി തിരിച്ചടിയാകാമെന്ന വിലയിരുത്തലും ശക്തമാണ്.