കാവേരി വിഷയത്തിൽ സംഘർഷം; തമിഴ്നാട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് എതിരെ പ്രതിഷേധം

പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാവേരി വിഷയത്തിൽ സംഘർഷം; തമിഴ്നാട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് എതിരെ പ്രതിഷേധം

ബെംഗളൂരു: കാവേരി ജലവിതരണ തർക്കം രൂക്ഷമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി കന്നഡ അനുകൂല സംഘടനകൾ. കാവേരി വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കാതെ ബെംഗളൂരുവിലേക്ക് എത്താൻ അനുവദിക്കില്ലെന്നും, വിമാനത്താവളത്തിൽ തന്നെ തടയുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാഹചര്യം സംഘർഷഭരിതമായതിനെ തുടർന്ന് കർണാടകയും തമിഴ്നാടും തമ്മിൽ നിശ്ചയിച്ചിരുന്ന ഉന്നതതല ചർച്ചയും അനിശ്ചിതത്വത്തിലായി. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി ഉടൻ കൂടിക്കാഴ്ച നടത്തില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ചർച്ചയ്ക്ക് അനുകൂല അന്തരീക്ഷമല്ലെന്നും, നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവയ്ക്കണമെന്ന് വിജയ്‌യോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കന്നഡ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും, കർണാടകയുടെ ജലാവകാശവും സംസ്ഥാന താൽപര്യവും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വിഷയത്തിൽ തുടർനടപടികൾ സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.