ഫലം മെച്ചപ്പെടുത്താം; ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ
റദ്ദാക്കിയ പരീക്ഷകൾക്ക് പകരമായി സിബിഎസ്ഇ നേരത്തെ പ്രത്യേക മൂല്യനിർണയ രീതിയിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്. എന്നാൽ ഈ രീതിയിലുള്ള ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് യഥാർഥ പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നത്
ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് 2026ലെ സിബിഎസ്ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം. ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, ഇറാൻ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക.
റദ്ദാക്കിയ പരീക്ഷകൾക്ക് പകരമായി സിബിഎസ്ഇ നേരത്തെ പ്രത്യേക മൂല്യനിർണയ രീതിയിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്. എന്നാൽ ഈ രീതിയിലുള്ള ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് യഥാർഥ പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. റെഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിലുള്ള അർഹരായ വിദ്യാർഥികൾക്ക് റദ്ദാക്കിയ വിഷയങ്ങളിൽ താൽപര്യമുള്ളവ തിരഞ്ഞെടുക്കാനും പരീക്ഷ എഴുതാനും കഴിയും.
എന്നാൽ മാർച്ചിൽ നടന്ന പരീക്ഷയ്ക്ക് മുമ്പ് രജിസ്റ്റർ ചെയ്യാത്തവർക്കും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവർക്കും പുതിയ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല. പുതിയ പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി പരിഗണിക്കുക. പരീക്ഷയ്ക്കുശേഷം ഫലം പുനഃപരിശോധിക്കാനോ മറ്റ് തിരുത്തലുകൾ ആവശ്യപ്പെടാനോ അവസരമുണ്ടാകില്ല.
പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഈ മാസം 22ന് ആരംഭിച്ച് 26ന് അവസാനിക്കും. സിബിഎസ്ഇയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത സമയപരിധി നീട്ടില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും പുതിയ പരീക്ഷയും നടത്തുക. അപേക്ഷ സമർപ്പിച്ചശേഷം തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാറ്റം അനുവദിക്കില്ല.
Comments ()