മറ്റുള്ളവരുടെ ബാഗുകളും മരുന്നുകളും വാങ്ങരുത്; യാത്രക്കാർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ മുന്നറിയിപ്പ്

ലഹരിക്കടത്തുകാർ യാത്രക്കാർ അറിയാതെ ഇത്തരം മാർഗങ്ങൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി

മറ്റുള്ളവരുടെ ബാഗുകളും മരുന്നുകളും വാങ്ങരുത്; യാത്രക്കാർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: അപരിചിതരോ മറ്റുള്ളവരോ നൽകുന്ന ബാഗുകൾ, പാഴ്സലുകൾ, മരുന്ന് പാക്കറ്റുകൾ എന്നിവ രാജ്യത്തിന് അകത്തേക്കോ പുറത്തേക്കോ കൊണ്ടുപോകരുതെന്ന് പൗരന്മാർക്കും പ്രവാസികൾക്കും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ലഹരിക്കടത്തുകാർ യാത്രക്കാരെ അറിയാതെ മയക്കുമരുന്ന് കടത്താൻ ഇരയാക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

അടുത്തിടെ നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ, വിദേശത്തുനിന്ന് മറ്റുള്ളവർക്ക് നൽകാനായി കൊണ്ടുവന്ന മരുന്ന് കണ്ടെയ്നറുകളിൽ നിന്ന് മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുക്കുകയും മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സാധാരണ മരുന്നാണെന്ന് വിശ്വസിച്ചാണ് ഇവർ പാക്കറ്റുകൾ സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും നിയമനടപടിയിൽ ഇളവുണ്ടാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൈവശമുള്ള സാധനങ്ങളിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ അത് മറ്റൊരാൾ നൽകിയതാണെങ്കിലും പൂർണ്ണ ഉത്തരവാദിത്തം യാത്രക്കാരനായിരിക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.