ഇത്തിഹാദ് റെയിലിന് മെട്രോ കണക്റ്റിവിറ്റി; ദുബൈയിൽ നാല് സ്റ്റേഷനുകൾ

പുതിയ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി രണ്ട് സ്റ്റേഷനുകളാണ് ദുബൈയിൽ നിർമിക്കുക. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ ജദ്ദാഫിലുമാണ് ഇവ സ്ഥാപിക്കുക

ഇത്തിഹാദ് റെയിലിന് മെട്രോ കണക്റ്റിവിറ്റി; ദുബൈയിൽ നാല് സ്റ്റേഷനുകൾ

ദുബൈ: ദുബൈ–അബുദാബി യാത്ര കൂടുതൽ വേഗത്തിലാക്കുന്നതിനൊപ്പം നഗരത്തിലെ മെട്രോ ശൃംഖലയുമായുള്ള റെയിൽ കണക്റ്റിവിറ്റിയും ശക്തമാക്കാൻ പുതിയ പദ്ധതികൾ. ഇത്തിഹാദ് റെയിലിനെയും നിർദിഷ്ട ദുബൈ–അബുദാബി ഹൈസ്പീഡ് റെയിലിനെയും മെട്രോ ലൈനുകളുമായി ബന്ധിപ്പിക്കുന്നതിനായി ദുബൈയിൽ നാല് റെയിൽവേ സ്റ്റേഷനുകൾ ഒരുക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

പുതിയ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി രണ്ട് സ്റ്റേഷനുകളാണ് ദുബൈയിൽ നിർമിക്കുക. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ ജദ്ദാഫിലുമാണ് ഇവ സ്ഥാപിക്കുക. പ്രത്യേകമായി ഒരുക്കുന്ന പൂർണ വൈദ്യുതീകരിച്ച റെയിൽ ശൃംഖലയിലൂടെയാകും ദുബൈ–അബുദാബി അതിവേഗ ട്രെയിൻ സർവീസ് നടത്തുക.

സർവീസ് ആരംഭിക്കുന്നതോടെ ദുബൈയിൽനിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖെയിൽ റോഡിന് സമാന്തരമായാണ് ഹൈസ്പീഡ് റെയിൽ പാത കടന്നുപോകുന്നത്. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് മെട്രോ സംവിധാനത്തിലേക്ക് വേഗത്തിൽ മാറാനും പുതിയ റെയിൽ കണക്റ്റിവിറ്റി സഹായിക്കും.

നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകളോടൊപ്പം ബ്ലൂ ലൈനുമായും ഭാവിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഗോൾഡ് ലൈനുമായും റെയിൽ സ്റ്റേഷനുകൾ ബന്ധിപ്പിക്കും. ഇതോടെ ഇത്തിഹാദ് റെയിലും ദുബൈ–അബുദാബി ഹൈസ്പീഡ് റെയിലും നഗരത്തിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ മെട്രോ ശൃംഖലയുമായി ഏകോപിപ്പിക്കുന്ന വിപുലമായ ഗതാഗത സംവിധാനം രൂപപ്പെടും.