'യാത്രക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്'; ട്രാവല്‍ ആപ്പുകള്‍ക്ക് മുന്നറിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍
യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും കേന്ദ്രം അറിയിച്ചു.
ന്യൂഡല്‍ഹി: യാത്ര ബുക്ക് ചെയ്യുന്ന വേളയില്‍ത്തന്നെ ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂറായി ടിപ്പ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാന്‍ ഊബര്‍, ഓല, റാപ്പിഡോ തുടങ്ങിയ ട്രാവല്‍ ആപ്പുകള്‍ക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ടിപ്പ് നല്‍കിയാല്‍ വേഗത്തില്‍ വാഹനം ലഭിക്കുമെന്ന തരത്തിലുള്ള പ്രേരണകള്‍ പാടില്ലെന്നും, യാത്ര പൂര്‍ത്തിയാകുന്നതിന് മുന്‍പ് ആപ്പുകളില്‍ ടിപ്പ് ഓപ്ഷന്‍ കാണിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, യാത്ര അവസാനിച്ച ശേഷം ഉപഭോക്താവിന് സ്വന്തം ഇഷ്ടപ്രകാരം ടിപ്പ് നല്‍കാന്‍ തടസ്സമില്ല.
നിലവിലുള്ള ഈ രീതികള്‍ 2025-ലെ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതും കൃത്രിമത്വം നിറഞ്ഞതുമായ ഇത്തരം ഫീച്ചറുകള്‍ ഒഴിവാക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്‍പും സമാനമായ രീതി അവസാനിപ്പിക്കാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു.
Comments ()