മാല പൊട്ടിച്ച് കടക്കാൻ ശ്രമം; പ്രതിയുടെ സ്കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് 61കാരി
ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസിനെ (40) പൊലീസിനു കൈമാറി.
പാറശാലയില്‍ മാലപൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ധൈര്യപൂർവ്വം നേരിട്ട് കുടുക്കി അറുപത്തൊന്നുകാരി. മേലേക്കോണം കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരിയാണ് (61) തൻ്റെ സമയോചിത ഇടപെടലിലൂടെ നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസിനെ (40) പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിനു സമീപമുള്ള ഇടറോഡിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പ്രസന്നകുമാരിയുടെ അരികിലെത്തിയ വിജയദാസ് സ്കൂട്ടർ നിർത്തിയ ശേഷം പെട്ടെന്ന് മാല പൊട്ടിക്കുകയായിരുന്നു.
മോഷ്ടാവ് സ്കൂട്ടറിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രസന്നകുമാരി ഒട്ടും പതറാതെ സ്കൂട്ടർ തള്ളി അടുത്തുള്ള തോട്ടിലേക്ക് മറിച്ചിട്ടു. വാഹനം നഷ്ടപ്പെട്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ, പ്രസന്നകുമാരിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് വളഞ്ഞുപിടിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും, സ്ഥലത്തെത്തിയ പാറശാല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമിയെ ധൈര്യത്തോടെ നേരിട്ട പ്രസന്നകുമാരിക്ക് അഭിനന്ദനപ്രവാഹമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.
Comments ()