അമിതവേഗത്തിൽ വന്ന ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

കുസുമഗിരി ഹൊയ്ശാല ഇ ഹോംസിൽ താമസിക്കുന്ന തൃശൂർ തോളൂർ പുളിഞ്ചേരി കായമ്പിള്ളിയിൽ എ.അക്ഷര (29) ആണ് മരിച്ചത്

അമിതവേഗത്തിൽ വന്ന ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

കാക്കനാട്: ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂല ജങ്ഷന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു പരിക്കേറ്റ യുവതി മരിച്ചു. തൃശൂർ തോളൂർ പുളിഞ്ചേരി കായമ്പിള്ളി സ്വദേശിയും കുസുമഗിരി ഹൊയ്ശാല ഇ ഹോംസിലെ താമസക്കാരിയുമായ എ. അക്ഷര (29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇൻഫോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയായ ഇ.വൈ (EY)യിലെ ജീവനക്കാരിയാണ് മരിച്ച അക്ഷര.

ഇന്നലെ രാവിലെ 8.20-ഓടെ ഫിറ്റ്നസ് സെന്ററിൽ നിന്നും പരിശീലനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. എതിർദിശയിൽ നിന്നും അമിതവേഗതയിലെത്തിയ ഇൻഫോപാർക്ക് – എറണാകുളം റൂട്ടിലോടുന്ന ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അക്ഷരയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറായ കാക്കനാട് സ്വദേശി ബിനോയിയെ (43) ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓമനക്കുട്ടൻ - ലീല ദമ്പതികളുടെ മകളാണ് മരിച്ച അക്ഷര. ഭർത്താവ്: വരുൺ (എടപ്പാൾ, പന്താവൂർ). സഹോദരി: അരുണിമ. അക്ഷരയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.