രണ്ടാം ദിവസവും നിരാശ; ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും
ആനയുടെ സഞ്ചാരവും നിലയുറപ്പിച്ചിരുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും ദൗത്യസംഘത്തിന് വെല്ലുവിളിയായതോടെ വ്യാഴാഴ്ചത്തെ ശ്രമം വൈകീട്ട് അവസാനിപ്പിച്ചു
തൊടുപുഴ: ചക്കക്കൊമ്പനെ പിടികൂടി നിരീക്ഷണ സംവിധാനമുള്ള റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും ലക്ഷ്യത്തിലെത്തിയില്ല. ആനയുടെ സഞ്ചാരവും നിലയുറപ്പിച്ചിരുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും ദൗത്യസംഘത്തിന് വെല്ലുവിളിയായതോടെ വ്യാഴാഴ്ചത്തെ ശ്രമം വൈകീട്ട് അവസാനിപ്പിച്ചു. വെള്ളിയാഴ്ചയും ദൗത്യം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.
രാവിലെ ചെമ്പകത്തൊഴു കുടിയ്ക്ക് സമീപത്തെ മുനമ്പിലുള്ള ഏലത്തോട്ടത്തിലാണ് ആനയെ കണ്ടെത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം ഇതേ പ്രദേശത്ത് തുടർന്ന ആന, വെള്ളം നീന്തിക്കടന്ന് ഇടികുഴി ഭാഗത്തേക്ക് നീങ്ങുമെന്നായിരുന്നു സംഘത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ഉച്ചയോടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി രണ്ട് കിലോമീറ്ററോളം പിന്നിലേക്ക് സഞ്ചരിച്ച് വീണ്ടും ഏലത്തോട്ടം മേഖലയിലെത്തി.
ഇടതൂർന്ന മരങ്ങളും കൃഷിയും നിറഞ്ഞ പ്രദേശമായതിനാൽ മയക്കുവെടി വെച്ച് പിടികൂടാനുള്ള സാഹചര്യം അനുകൂലമായിരുന്നില്ല. വാഹനങ്ങളിൽ പിന്തുടർന്ന് ആനയെ ദൗത്യത്തിന് അനുയോജ്യമായ തുറന്ന സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഇതോടെ വൈകിട്ട് 5.30ഓടെ ഇന്നത്തെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ചക്കക്കൊമ്പൻ ആരോഗ്യവാനാണെന്നും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കൂടുതൽ ശാന്തമായിരുന്നെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. നാളെ രാവിലെ വീണ്ടും ദൗത്യം ആരംഭിക്കാനാണ് തീരുമാനം.
ദൗത്യം തുടരുന്ന സാഹചര്യത്തിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം, രണ്ടാം, ഒൻപതാം, പത്താം, പതിനൊന്നാം, പന്ത്രണ്ടാം വാർഡുകളിൽ നിരോധനാജ്ഞ നീട്ടി. ഈ വാർഡുകളിലെ സ്കൂളുകൾക്കും നാളെ അവധിയായിരിക്കും. പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments ()