സ്വാതന്ത്ര്യദിനത്തിൽ മൂന്നര വയസുകാരിക്ക് പീഡനം, 23കാരന് 30 വർഷം കഠിനതടവ് ശിക്ഷ
പേരൂർക്കട കാച്ചാണി സ്വദേശി സുരേഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി
തിരുവനന്തപുരം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23കാരന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പേരൂർക്കട കാച്ചാണി സ്വദേശി സുരേഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പിഴയായി ഈടാക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനും അർഹമായ നഷ്ടപരിഹാരം അനുവദിക്കാനും വിധിയുണ്ട്.
2021ലെ സ്വാതന്ത്ര്യദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് സ്വന്തം വീട്ടിലെത്തിയ പ്രതി കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ സംഭവത്തെക്കുറിച്ച് കുട്ടി ആരുടെയും സഹായമില്ലാതെ നടത്തിയ മൊഴി നിർണായക തെളിവായി.
28 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. കൂടാതെ 31 രേഖകളും കോടതിയിൽ ഹാജരാക്കി. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.ബി. അനൂപാണ് ശിക്ഷ വിധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിതാ ഷൗക്കത്ത് അലി പ്രോസിക്യൂഷനുവേണ്ടി ഹാജരായി. സുനിത പ്രോസിക്യൂഷൻ എയ്ഡായി പ്രവർത്തിച്ചു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ കെ.എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
Comments ()