കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ 2027 സെപ്റ്റംബർ വരെ സൗജന്യം; സമയപരിധി നീട്ടി

അഞ്ച്, 15 വയസ്സ് പൂർത്തിയാകുമ്പോൾ ആധാറിലെ വിരലടയാളം, കൃഷ്ണമണി രേഖ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ 2027 സെപ്റ്റംബർ വരെ സൗജന്യം; സമയപരിധി നീട്ടി

തിരുവനന്തപുരം: കുട്ടികളുടെ ആധാറിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള കാലാവധി 2027 സെപ്റ്റംബർ വരെ നീട്ടിയതായി സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ അറിയിച്ചു. അഞ്ച്, 15 വയസ്സ് പൂർത്തിയാകുമ്പോൾ ആധാറിലെ വിരലടയാളം, കൃഷ്ണമണി രേഖ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾക്കും മറ്റ് ആധാർ സേവന കേന്ദ്രങ്ങൾക്കും സമീപിച്ച് ഈ നടപടികൾ പൂർത്തിയാക്കാം.

നിശ്ചിത പ്രായത്തിൽ ബയോമെട്രിക് വിവരങ്ങൾ പുതുക്കാത്ത കുട്ടികളുടെ ആധാർ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സ്കോളർഷിപ്പ് അപേക്ഷകൾ, റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്തൽ, സ്കൂൾ-കോളേജ് പ്രവേശനം, ഡിജിലോക്കർ, അപാർ, പാൻ കാർഡ് തുടങ്ങിയ സേവനങ്ങൾക്ക് ആധാർ ആവശ്യമാണ്. നീറ്റ്, ജെ.ഇ.ഇ, കീം ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾക്ക് അപേക്ഷിക്കുമ്പോഴുണ്ടാകുന്ന തടസങ്ങൾ ഒഴിവാക്കാനും സമയബന്ധിതമായ പുതുക്കൽ സഹായിക്കും.

നവജാത ശിശുക്കൾക്കും ആധാർ രജിസ്ട്രേഷൻ നടത്താം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആദ്യമായി ആധാർ നൽകുമ്പോൾ വിരലടയാളമോ കൃഷ്ണമണി വിവരങ്ങളോ ശേഖരിക്കില്ല. പകരം മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടിയുടെ തിരിച്ചറിയൽ രേഖ തയ്യാറാക്കുന്നത്. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസമുണ്ടാകാതിരിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടൻ കുട്ടിക്ക് ആധാർ എടുക്കണമെന്നും നിർദേശമുണ്ട്.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചാണ് നിരവധി ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും ആധാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ആധാർ സംബന്ധിച്ച സംശയങ്ങൾക്കും സഹായങ്ങൾക്കുമായി 1800 425 11800 (ടോൾ ഫ്രീ), 0471 2335523 എന്നീ സിറ്റിസൺ കോൾ സെന്റർ നമ്പറുകളിലും 0471 2525442 എന്ന കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ആധാർ വിഭാഗം നമ്പറിലും ബന്ധപ്പെടാം. uidhelpdesk@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും വിവരങ്ങൾ തേടാം.