ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ ജില്ലകൾക്കൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ ഏഴ് ജില്ലകളിൽ മാത്രമായിരുന്ന മഴ മുന്നറിയിപ്പ് ഇപ്പോൾ ഒൻപത് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. തെക്കൻ ജില്ലകൾക്കൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത. ചിലയിടങ്ങളിൽ മഴ ശക്തമായേക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.