സർക്കാർ ജോലി വേണമെങ്കിൽ സ്വഭാവം നോക്കും; കടുത്ത വ്യവസ്ഥകളുമായി പുതിയ ഉത്തരവ്
ഭരണമാറ്റത്തിനായി അക്രമങ്ങളിൽ ഏർപ്പെട്ടാൽ സർക്കാർ ജോലി ലഭിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ സർക്കാർ ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ സ്വഭാവ പരിശോധനാ നടപടിക്രമങ്ങൾ കർശനമാക്കി യോഗി ആദിത്യനാഥ് സർക്കാർ. രാജ്യത്ത് അക്രമസ്വഭാവമുള്ള പ്രക്ഷോഭങ്ങളിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്ക് സർക്കാർ ജോലി നിഷേധിക്കുമെന്ന് നിയമനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ദേവരാജ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഉയർന്ന ഭരണമാറ്റ ആഹ്വാനങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ പുതിയ നീക്കം.
എന്നാൽ സർക്കാരിന്റെ ഈ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ കക്ഷികളായ സമാജ്വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം വെച്ചുപുലർത്തുന്നു എന്നത് കൊണ്ടുമാത്രം ഒരു ഉദ്യോഗാർത്ഥിക്ക് ജോലി നിഷേധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഒരു ഉദ്യോഗാർത്ഥിക്കെതിരെ കേവലം ഒരു എഫ്.ഐ.ആർ. (FIR) രജിസ്റ്റർ ചെയ്യപ്പെടുകയോ അന്വേഷണം നിലനിൽക്കുകയോ ചെയ്യുന്നതിന്റെ പേരിൽ മാത്രം സ്വയമേവ ജോലി നിഷേധിക്കപ്പെടില്ലെന്നും ഉത്തരവിൽ പറയുന്നു.
അലഹാബാദ് ഹൈക്കോടതിയുടെ നിർദേശപ്രകാരം പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവ് വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷനുകൾ, കൗൺസിലുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഡയറക്ട് റിക്രൂട്ട്മെന്റുകൾക്ക് ബാധകമായിരിക്കും.
Comments ()